ADVERTISEMENT

തിരുവനന്തപുരം ∙‘മോഷണം ഭയന്നാണു പാന്റ്സിനുള്ളിൽ പ്രത്യേകം തയ്പിച്ച അറയിൽ ആഭരണങ്ങൾ കിഴികെട്ടി സൂക്ഷിച്ചത്. സഹോദരിയുടെ മകൾക്കു വിവാഹസമ്മാനമായി നൽകാൻ കരുതിവച്ച സ്വർണവും പോയി’– ട്രെയിനിൽ കവർച്ചയ്ക്കിരയായ വിജയലക്ഷ്മി അതിന്റെ ആഘാതത്തിൽ നിന്നു മുക്തമായിട്ടില്ല.

‘സേലത്തു നിന്നാണു ഭക്ഷണവും കുപ്പിവെള്ളവും വാങ്ങിയത്. ഭക്ഷണം വാങ്ങി സീറ്റിൽ വച്ച ശേഷം മകളോടൊപ്പം കൈ കഴുകാൻ പോയി. ഈ സമയം എതിർ സീറ്റിലിരുന്നയാൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കൈ കഴുകി വന്നപ്പോൾ ഇയാളെ സീറ്റിൽ കണ്ടില്ല. പിന്നീടു ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു പരിശോധനയ്ക്കു കയറിയ പൊലീസ് ഉദ്യോഗസ്ഥർ തട്ടിവിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത്. ദേഹത്തു കിടന്ന ആഭരണങ്ങളൊന്നും കണ്ടില്ല. പാന്റ്സിന്റെ അറ കീറിയിരുന്നു. ബാഗ് കീറി അതിനകത്തിരുന്ന സ്വർണവും മോഷ്ടിച്ചിരുന്നു. മകളുടെ കാതിൽ കിടന്ന ഒരു കമ്മൽ ഒഴികെ എല്ലാം നഷ്ടമായി’–വിജയലക്ഷ്മി പറഞ്ഞു.

തിരുവല്ല കുറ്റൂരിൽ ഉള്ള സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ഇവർ ആഗ്രയിൽനിന്നു നിസാ‍മുദീൻ–തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസ് ട്രെയിനിൽ കയറിയത്. വർഷങ്ങളായി കുടുംബസമേതം ആഗ്രയിലാണു താമസം. സ്ലീപ്പർ കോച്ചായ എസ്1 ലായിരുന്നു വിജയലക്ഷ്‍മിയും മകൾ അഞ്ജലിയും. കോയമ്പത്തൂർ സ്വദേശി കൗസല്യ എസ്2 കോച്ചിലും. തിരുവനന്തപുരത്തു സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോഴാണു കൗസല്യയ്ക്കു ബോധം തെളിഞ്ഞത്. അപ്പോഴാണു ഫോൺ മോഷണം പോയത് അറിഞ്ഞത്.

ബോധം തെളിഞ്ഞെങ്കിലും മൂവർക്കും മയക്കം പൂർണമായി വിട്ടിരുന്നില്ല. ഇവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. മയക്കാൻ ഉപയോഗിച്ച മരുന്നിന്റെ വിശദാംശങ്ങൾക്കായി മൂന്നു പേരുടെയും രക്തസാംപിളുകളും വസ്ത്രങ്ങളും രാസപരിശോധനയ്ക്ക് അയച്ചു. ഇവർ യാത്ര ചെയ്ത ബോഗികളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

കവർച്ച നടന്നതു കേരളത്തിൽ ട്രെയിൻ പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണെ‍ന്നാണു നിഗമനം. ഈ സാഹചര്യത്തിൽ തമിഴ്നാട് ‍റെയിൽവേ പൊലീസി‍നാകും അന്വേഷണച്ചുമതല.

English Summary: Nizamuddin Express drugged robbery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com