ADVERTISEMENT

തിരുവല്ല ∙ മതസൗഹാർദം നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ചില തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളർത്തുന്നതു ശരിയല്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മനുഷ്യജീവനെ ബാധിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് പ്രവാചക ധർമമാണ്. അത് എല്ലാ മതാചാര്യൻമാർക്കും ബാധകമാണ്. ജീവനെ ഹനിക്കുന്ന ഏതു പ്രവൃത്തിയെയും വ്യക്തിയായും സമൂഹമായും ചെറുക്കണം. പ്രതിഷേധ റാലികൾക്കും അനുകൂല പ്രകടനങ്ങൾക്കും പ്രസക്തിയില്ല. ജയവും തോൽവിയും ഇവിടെ വിഷയമല്ല. മതസൗഹാർദം നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ് നൽകിയത് ജാഗ്രതാനിർദേശം: ജോസ് കെ.മാണി

കോട്ടയം ∙ ലഹരിമരുന്ന് എന്ന സാമൂഹികവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദേശം നൽകുകയുമാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സാമൂഹികതിന്മകൾക്ക് എതിരെ വിശ്വാസികളെയും സമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്തം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്.

സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ് ലഹരി മാഫിയകൾക്ക് എതിരെയും രൂപപ്പെടണം. അതിനു സഹായകരമായ ആഹ്വാനത്തിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുകയാണ്. അത് എതിർക്കപ്പെടണമെന്നും ജോസ് കെ.മാണി പറഞ്ഞു.

മതമേലധ്യക്ഷന്മാർ മാന്യത കാണിക്കണം: ജിഫ്രി തങ്ങൾ

മലപ്പുറം ∙ മതമേലധ്യക്ഷന്മാർ മാന്യത കാണിക്കണമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പരസ്പര വിദ്വേഷമില്ലാതാക്കുകയാണു മതങ്ങളുടെ പൊതുതത്വം. മുസ്‌ലിം നാമധാരിയായ ഒരാൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതിന്റെ പേരിൽ സമുദായത്തെ ഒന്നാകെ കുറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന് സംരക്ഷണം തേടി കേന്ദ്രത്തിന് ബിജെപി കത്ത്

നെടുമ്പാശേരി ∙ പാലാ ബിഷപ്പിനും കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയോടു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ഭീഷണിയുടെ സ്വരത്തിലാണു പ്രതികരിക്കുന്നത്.

ബിഷപ്പിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണു കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാലാ ബിഷപ് പറഞ്ഞതു വസ്തുതാപരമാണെന്നു ബിജെപി ദേശീയ വക്താവ് ടോം വടക്കൻ ന്യൂഡൽഹിയിൽ പറഞ്ഞു. കേരള ബിഷപ്സ് കൗൺസിലും കേരളത്തിൽ തീവ്രവാദ പ്രവർത്തനവും അനുബന്ധമായി ലഹരി ഇടപാടുകളും നടക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നതായി ടോം വടക്കൻ പറഞ്ഞു. ഇത് ഏതെങ്കിലും മതവിഭാഗത്തിനെതിരായ ആരോപണമായി എടുക്കേണ്ടതില്ലെന്നും രാജ്യസുരക്ഷയ്ക്കെതിരായ വെല്ലുവിളിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Opinions About Statement of Pala Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com