ADVERTISEMENT

കൊച്ചി ∙ മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ ഭൂഷണിന്റെ ഭാര്യയുടെ ഭൂമി ഇടപാടിനു ന്യായവില കുറച്ചതിൽ അഴിമതി ആരോപിച്ചുള്ള പരാതിയിൽ നടപടി വേണ്ടെന്ന വിജിലൻസ് കോടതി ഉത്തരവു ഹൈക്കോടതി ശരിവച്ചു. തൃശൂർ വിജിലൻസ് കോടതിയുടെ 2015 മാർച്ച് 19ലെ ഉത്തരവിനെതിരെ പരാതിക്കാരിയായ ജില്ലാ പഞ്ചായത്ത് അംഗം വിദ്യ സംഗീത് നൽകിയ ഹർജി ജസ്റ്റിസ് ആർ.നാരായണ പിഷാരടി തള്ളി.

ഭരത്‌ ഭൂഷണിന്റെ ഭാര്യ രഞ്ജനയുടെ അപേക്ഷയിൽ തൃശൂർ പാട്ടുരായ്ക്കലിലുള്ള ഭൂമിക്കു സർക്കാർ നിശ്ചയിച്ച ന്യായവിലയായ 24.7 ലക്ഷം രൂപ പകുതിയായി കുറച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു പരാതി. അപ്പീൽ നൽകാൻ വൈകിയതു വകവച്ചു നൽകിക്കൊണ്ടാണ് കലക്ടർ ഉത്തരവിട്ടതെന്നും ചീഫ് സെക്രട്ടറിയുടെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും അതുവഴി സ്റ്റാംപ് ഡ്യൂട്ടി ലാഭിക്കാൻ വഴിയൊരുക്കിയെന്നും പരാതിയിൽ ആരോപിച്ചു. അന്നത്തെ കലക്ടർ ജെ.എസ്. ജയ, മുൻ എഡിഎം ശെൽവരാജ്, മുൻ വില്ലേജ് ഓഫിസർ രഘുനന്ദനൻ, രഞ്ജന ഭരത് ഭൂഷൺ എന്നിവരെ പ്രതി ചേർത്തായിരുന്നു പരാതി.

വിജിലൻസ് കോടതി പ്രാഥമിക അന്വേഷണത്തിനു പരാതി റഫർ ചെയ്തു. ആരോപണങ്ങൾ അടിസ്ഥാനരഹിരമാണെന്നു വിജിലൻസ് ഡിവൈഎസ്പി കോടതിയിൽ റിപ്പോർട്ട് നൽകി. ഹർജിക്കാരിയുടെ എതിർവാദം കൂടി കേട്ട ശേഷം, പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് വിജിലൻസ് കോടതി പരാതിയിൽ നടപടി തീർപ്പാക്കി. ഈ ഉത്തരവു റദ്ദാക്കണമെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. 

അപ്പീൽ വൈകിയാൽ കാരണം ബോധ്യപ്പെട്ട് അതു വകവച്ചു നൽകാൻ സ്റ്റാംപ് ആക്ട് പ്രകാരം കലക്ടർക്ക് അധികാരമുണ്ടെന്നു കോടതി വിലയിരുത്തി. അഡ്മിനിസ്ട്രേറ്റിവ്/അർധ ജുഡീഷ്യൽ അധികാരികൾ പലപ്പോഴും കോടതികളെ പോലെ വിശദമായ ഉത്തരവിറക്കാറില്ല. ഉത്തരവു ശരിയോ തെറ്റോ എന്നു പരിശോധിക്കാൻ വിജിലൻസ് കോടതിക്കു കഴിയില്ല. ചീഫ് സെക്രട്ടറിയുടെ ഭാര്യയായതു കൊണ്ട് ഉദ്യോഗസ്ഥർ അപ്പീൽ വേഗം തീർപ്പാക്കിയിട്ടുണ്ടാകാം. പക്ഷേ, അധികാര ദുർവിനിയോഗം ആരോപിക്കാൻ അതു മതിയാവില്ല. വിജിലൻസ് കോടതി പരാതി തള്ളിയതിൽ തെറ്റില്ലെന്നും ഇടപെടാൻ കാരണമില്ലെന്നും കോടതി വ്യക്തമാക്കി.

English Summary: Bharat Bhushan wife's land deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com