കെ.പി.അനിൽ കുമാർ: അവഗണിക്കാൻ കോൺഗ്രസ്; മുതലാക്കാൻ സിപിഎം

KP Anil Kumar
കെ.പി.അനിൽ കുമാർ
SHARE

തിരുവനന്തപുരം∙ കോൺഗ്രസിൽ ഉയരുന്ന ഏതു പ്രശ്നവും അവസരമാക്കി മാറ്റാനുള്ള സിപിഎം തീരുമാനം ഒരു നേതാവിനെക്കൂടി പാർട്ടി ആസ്ഥാനത്തു വരവേറ്റതിൽ പ്രതിഫലിക്കുന്നു. അതേസമയം കെ.പി.അനിൽ കുമാർ പാർട്ടി വിട്ടതിൽ ഒരു ഗൗരവവും കൽപിക്കാൻ കോൺഗ്രസില്ല.

പി.സി.ചാക്കോ, കെ.സി.റോസക്കുട്ടി, പി.എം.സുരേഷ് ബാബു, പി.എസ്.പ്രശാന്ത് എന്നിവർക്കു പിന്നാലെയാണ് അനിൽ കുമാറും ഇടതു പാളയത്തിൽ പ്രവേശിക്കുന്നത്. ചാക്കോയുടെ സ്വാഗതം സ്വീകരിച്ച് അദ്ദേഹം എൻസിപിയിൽ ചേരുമെന്ന അഭ്യൂഹമാണ് ആദ്യം ഉണ്ടായതും. എളമരം കരീം, കെ.പി.മോഹനൻ എന്നിവരുമായുള്ള ആദ്യ വട്ട ചർച്ചയ്ക്കു ശേഷം കോടിയേരിയെ ബന്ധപ്പെട്ടു. കോൺഗ്രസിന്റെ സ്ഥാനമാനങ്ങളെല്ലാം രാജിവച്ചു വരാനുള്ള അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചു.

കെ.സി.വേണുഗോപാലിനു ശേഷം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ അനിലിനു കോൺഗ്രസിൽ ഒറ്റയാന്റെ പരിവേഷമായിരുന്നു. അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന കെ.മുരളീധരൻ വി.കെ.ശ്രീകണ്ഠനെ യൂത്ത് കോൺഗ്രസിന്റെ അമരത്തു കൊണ്ടുവരാൻ ആഗ്രഹിച്ചെങ്കിലും തനിക്കൊപ്പം മൂന്നാം ഗ്രൂപ്പിലായിരുന്ന അനിലിനു വേണ്ടി വാദിച്ചു ജയിച്ചതു രമേശ് ചെന്നിത്തലയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ശേഷം ഗ്രൂപ്പ് നേതൃത്വവുമായി അദ്ദേഹം അകന്നു. ഇടക്കാലത്ത് ഐ വിഭാഗത്തിൽ തിരിച്ചെത്തിയെങ്കിലും വി.എം.സുധീരനും അതിനു ശേഷം മുല്ലപ്പള്ളിയും പ്രസിഡന്റായപ്പോൾ അവരുടെ വിശ്വസ്തനായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അനിലിനെ നിയോഗിക്കാനുള്ള മുല്ലപ്പള്ളിയുടെ നിർദേശത്തോട് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചു. പക്ഷേ മുല്ലപ്പള്ളി വഴങ്ങിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയായി ആദ്യം അനിലിനെ തീരുമാനിച്ചെങ്കിലും മണ്ഡലത്തിൽ കടുത്ത എതിർപ്പു വന്നതോടെ അദ്ദേഹത്തെ മാറ്റി. പുതിയ നേതൃത്വം തന്നെ പരിഗണിക്കില്ലെന്നു തോന്നിയതോടെയാണു ഡിസിസി പുനഃസംഘടനാ ഘട്ടത്തിൽ അനിൽ പൊട്ടിത്തെറിച്ചത്. കൂടെ സസ്പെൻഷനിലായ കെ.ശിവദാസൻ‍ നായർക്ക് എ ഗ്രൂപ്പിന്റെ സംരക്ഷണം ഉണ്ടായെങ്കിൽ അനിലിന്റെ കാര്യത്തിൽ ആരും താൽപര്യം കാട്ടിയില്ല.

സുധാകരൻ പ്രസിഡന്റായത് താലിബാൻ ഭരണം പിടിച്ച പോലെ: അനിൽ കുമാർ

തിരുവനന്തപുരം∙ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതു പോലെയാണു കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതെന്ന് കോൺഗ്രസ് വിട്ട മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽ കുമാർ. സംഘപരിവാറുമായി ചർച്ച നടത്തിയ സുധാകരൻ കെപിസിസി ആസ്ഥാനത്തിരിക്കുമ്പോൾ കോൺഗ്രസിന് എന്തു മതനിരപേക്ഷ മുഖമാണുള്ളത്. സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടയിലാണ് എന്നെ സസ്പെൻഡ് ചെയ്ത വാർത്ത കാണുന്നത്. ആളുകളെ നോക്കിയാണു പുതിയ നേതൃത്വം പാർട്ടിയിൽ നീതി നടപ്പാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ ആവശ്യപ്പെടാതെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്ത ശേഷം അവസാന നിമിഷം വാക്കു മാറി. മഴയത്ത് ഓടിക്കയറി വന്നവരാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തിൽ നിന്നാണു ഞാൻ കോൺഗ്രസിൽ വന്നത്. 

എകെജി സെന്റർ വേസ്റ്റ് കലക്‌ഷൻ സെന്റർ: കെ.സുധാകരൻ

തിരുവനന്തപുരം ∙ ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി സിപിഎം മാറിയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിൽ നിന്നു പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറും വേസ്റ്റ് കലക്‌ഷൻ സെന്ററായി എകെജി സെന്റർ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടിക്കു വിധേയരായവരെ അല്ലാത്ത ഒരാളെപ്പോലും സിപിഎമ്മിനു റാഞ്ചാൻ സാധിച്ചിട്ടില്ല.

കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചെങ്കിലും കെ.പി.അനിൽകുമാറിന്റെ കൂടെ എകെജി സെന്ററിലേക്കു കടന്നുചെല്ലാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരാവശ്യം പാർട്ടി ഘടകങ്ങളിൽ നിന്നോ നേതാക്കളിൽ നിന്നോ ഉയർന്നു വന്നില്ല.

പാർട്ടിയോട് ആളുകൾക്ക് സ്നേഹം കൂടും: വി.ഡി.സതീശൻ

തിരുവനന്തപുരം∙കെ.പി.അനിൽ കുമാർ കോൺഗ്രസ് വിട്ടു പോയതു കൊണ്ടു പാർട്ടിയോട് ആളുകൾക്കു സ്നേഹം കൂടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  അദ്ദേഹം പോയതു കൊണ്ടു കോൺഗ്രസിന് ഒരു ക്ഷീണവുമില്ല. എസ്ഡിപിഐ സഹായത്തോടെ ഈരാറ്റുപേട്ടയിൽ ഭരണം പിടിച്ച സിപിഎമ്മിനെയാണ് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് അനിൽകുമാർ വിശേഷിപ്പിക്കുന്നത്.  

കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരും: എ. വിജയരാഘവൻ

കൊച്ചി ∙ കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ ആളുകൾ‍ ഇടതുപക്ഷത്തിന്റെ ഭാഗമാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഇടതുപക്ഷത്തേക്കു വരുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടിന്റെ സ്വീകാര്യതയാണ്. കോൺഗ്രസിലും ലീഗിലും ഉള്ള പ്രതിസന്ധികൾ മുന്നണിയെ പ്രതിസന്ധിയിലേക്കു നയിക്കും.

കേരള കോൺഗ്രസിന് (എം) സ്വാധീനം കുറവാണെന്നു സിപിഐ പറഞ്ഞതായുള്ള വാർത്തകൾ മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ സഖ്യമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തമാശയാണ്. ഇൗരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി അധികാരം പങ്കിട്ടിട്ടില്ല. അവിടെ അവിശ്വാസ പ്രമേയം പാസായി. അതിനെ അധികാരം പങ്കിടൽ എന്നു വ്യാഖ്യാനിക്കുന്നതെങ്ങനെ?

English Summary: congress leaders against kp anil kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA