ADVERTISEMENT

കരുനാഗപ്പള്ളി ∙ ഫെയ്സ്ബുക് പോസ്റ്റിനെച്ചൊല്ലി റിട്ട. ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽക്കയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മയ്ക്കും വിവരാവകാശ പ്രവർത്തകനായ മകനും പരുക്കേറ്റു. സംഭവത്തിൽ അറസ്റ്റിലായ റിട്ട. ഗ്രേഡ് എസ്ഐ ചവറ തോട്ടിനു വടക്ക് പുലരിയിൽ അബ്ദുൽ റഷീദിനെ റിമാൻഡ് ചെയ്തു. ചവറ പുലിക്കിലഴികത്തു വീട്ടിൽ നിന്ന് കല്ലേലിഭാഗം കല്ലുകടവ് കന്നേൽ പുത്തൻവീട്ടിൽ താമസിക്കുന്ന അമ്മിണിയമ്മ (61), മകൻ വി.ശ്രീകുമാർ (41) എന്നിവരാണു പരുക്കേറ്റു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. 

ശ്രീകുമാറിന്റെ വീട്ടിൽനിന്ന് അക്രമികളുടേതെന്നു സംശയിക്കുന്ന 4 അടി നീളമുള്ള കമ്പിവടിയും ചെരിപ്പുകളും പൊലീസ് കണ്ടെടുത്തു. ബഹളം കേട്ടു സമീപവാസികൾ ഓടിക്കൂടുന്നതു കണ്ട് ഇവർ വന്ന കാറിൽ കടന്നുകളയുകയായിരുന്നു. 

ഇന്നലെ രാവിലെ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി അസഭ്യം പറയുകയും തന്നെയും അമ്മയെയും ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ശ്രീകുമാർ പറഞ്ഞു. മകനെ മർദിക്കുന്നതു കണ്ടു തടസ്സം പിടിക്കാൻ എത്തിയ അമ്മയെ പിടിച്ചുതള്ളി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തെന്നും പറഞ്ഞു. വീട്ടിൽക്കയറി അക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, പരുക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളിലാണു കേസ് എടുത്തതെന്നു പൊലീസ് പറഞ്ഞു. 

അബ്ദുൽ റഷീദിനെതിരെ രണ്ടു ദിവസം മുൻപു ശ്രീകുമാർ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെത്തുടർന്നു ഫെയ്സ്ബുക്കിൽ ഇവർ തമ്മിൽ വാക്പോരും നടന്നു. അബ്ദുൽ റഷീദിന്റെ ശങ്കരമംഗലത്തിനു കിഴക്കുഭാഗത്തുള്ള വസ്തുവുമായി ബന്ധപ്പെട്ടും വർഷങ്ങളായി ഇവർ തമ്മിൽ പരാതിയും കേസും നടക്കുകയാണ്. 

English Summary: Retired SI arrested for attacking house wife and son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com