ADVERTISEMENT

തിരുവനന്തപുരം ∙ നിസാമുദീൻ–തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസിൽ അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ചതു റെയിൽവേ പൊലീസിന്റെ പട്ടികയിലെ നമ്പർ വൺ മോഷ്ടാവ്. കേരളത്തിന്റെ പരിധിയിൽ ആദ്യമായാണു മോഷണവുമായി ബന്ധപ്പെട്ട് അസ്ഗർ ബഗ്ഷയെന്ന ‘ട്രെയിൻ സ്പെഷൽ’ മോഷ്ടാവിന്റെ പേരു പുറത്തറിയുന്നതെങ്കിലും പുറത്തു റെയിൽവേ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. പല തവണ അറസ്റ്റിലായിട്ടുമുണ്ട്.

ട്രെയിനിൽ മാത്രമേ മോഷ്ടിക്കാറുള്ളൂവെന്നതിനാൽ ഒരിടത്തു പിടിക്കപ്പെട്ടാൽ ആ മേഖലയിൽ പിന്നീടു ട്രെയിൻ യാത്ര ഒഴിവാക്കും. ഗുജറാത്ത് ബറോഡയിലാണു വിലാസമെങ്കിലും മുംബൈയിലും ജമ്മുവിലും വീടുകൾ സ്വന്തമായുണ്ടെന്നാണു റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസത്തെ മോഷണത്തിനു േശഷം സ്ഥിരം താവളമായ മുംബൈയിലേക്കോ പുണെയിലേക്കോ ഇയാൾ കടന്നിരിക്കാമെന്നു സംശയിക്കുന്നു. സേലം മേഖലയിൽ വച്ചാണു മോഷണം നടന്നത് എന്നതിനാൽ കേസിന്റെ അന്വേഷണം തമിഴ്നാട് ആർപിഎഫ് ഏറ്റെടുത്തു.

അസ്ഗർ ബഗ്ഷയുടെ ചിത്രം പതിച്ച സന്ദേശം രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പതിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം എത്തിച്ചുവെന്നും ഇന്ത്യൻ റെയിൽ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിനെ ആർപിഎഫ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഒറ്റയ്ക്കു മോഷണം നടത്തുന്ന രീതിയാണ് അസ്ഗർ ബഗ്ഷയുടേത്. കേരളത്തിൽ ഇതുവരെ മോഷണത്തിനു പിടിയിലായിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്ന മലയാളികൾ ഇയാളുടെ പ്രധാന ഇരയാണ്. മലയാളികളുടെ കൈവശം കൂടുതൽ സ്വർണം ഉണ്ടാകാറുണ്ട് എന്നതാണത്രേ ഇതിനു കാരണം. ഉത്തർപ്രദേശിൽ സ്ഥിര താമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർവേലിൽ വിജയലക്ഷ്മി, മകൾ കോളജ് വിദ്യാർഥിനിയായ അഞ്ജലി എന്നിവരുടെ പക്കൽ നിന്നു 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂരിൽ താമസിക്കുന്ന കൗസല്യയുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായിരുന്നു.

സഹയാത്രികരുടെ വിശ്വാസം പിടിച്ചു പറ്റി വെളളവും ഫ്രൂട്ടിയും ചായയുമൊക്കെ അവർക്കു കൂടി വാങ്ങിക്കൊടുക്കുന്നതാണ് അസ്ഗറിന്റെ രീതി. ഇതിൽ ഉറക്ക ഗുളികയുടെ പൊടിയോ മയക്കുന്നതിനുള്ള മരുന്നോ കലക്കി നൽകും. മയക്കുന്ന മരുന്നു ചേർത്ത ബിസ്കറ്റ് നൽകി മോഷണം നടത്തിയ 2 കേസും ഇയാൾക്കെതിരെയുണ്ട്.

Content Highlight: Asgar Bagsha, Robbery, Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com