ADVERTISEMENT

തൃശൂർ ∙ ഭൂരഹിതർക്കു ഭൂമി നൽകാനായി ഡിജിറ്റൽ സർവേയുടെ അടിസ്ഥാനത്തിൽ ഭൂബാങ്ക് രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ ഭൂസർവേ പൂർത്തിയാകുമ്പോൾ നല്ലൊരു പങ്ക് ഭൂമി സർക്കാരിലേക്കു വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി 13,500 കുടുംബങ്ങൾക്കു പട്ടയം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരാളുടെ പേരിൽ സംസ്ഥാനത്തുള്ള ഭൂമിയെല്ലാം ഒരേ തണ്ടപ്പേരിലാക്കി ആധാറുമായി യോജിപ്പിക്കുന്ന പദ്ധതി നടപ്പാകുന്നതോടെ അനർഹമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി കണ്ടെത്തി ഭൂരഹിതർക്കു നൽകാനാകും. ഡിജിറ്റൽ സർവേയ്ക്ക് ഒന്നാം ഗഡുവായി 339 കോടി രൂപ റീബിൽഡ് കേരളയുടെ ഭാഗമായി നൽകി. 4 വർഷം കൊണ്ടു പൂർത്തിയാക്കും. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ടു കാണില്ല. പട്ടയത്തോടൊപ്പം എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും വീടു നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ ലാൻ‍ഡ് ട്രൈബ്യൂണലുകളിലും താലൂക്ക് ലാൻഡ്     ബോർഡുകളിലും കെട്ടിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ അപേക്ഷകളിൽ പരിഹാരം കണ്ടെത്തുന്നതിനു സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു മന്ത്രി രാജൻ പറഞ്ഞു. രണ്ടു വർഷത്തിനകം എല്ലാ കേസുകളും പരിഹരിക്കാൻ ഉദ്യോഗസ്ഥ സംവിധാനം വരും.

പട്ടയം സ്വീകരിച്ചവരിൽ ഒല്ലൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ പി.എസ്.ബാബു പട്ടയം കിട്ടിയ സ്ഥലത്തു നിന്നു 3 സെന്റ് വീതം അഞ്ചു പേർക്കു വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചു. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ, മന്ത്രി ആർ.ബിന്ദു, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, കലക്ടർ ഹരിത വി.കുമാർ എന്നിവർ പ്രസംഗിച്ചു.

English summary: Kerala govt to form land bank for landless families: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com