ADVERTISEMENT

തിരുവനന്തപുരം ∙ കേര കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി 10 വർഷം മുൻപു സർക്കാർ അവതരിപ്പിച്ച നീര പദ്ധതിയെക്കുറിച്ചു കൃഷിവകുപ്പ് വീണ്ടും പഠനം നടത്തുന്നു. പദ്ധതിയുടെ പ്രായോഗികത, കേടു കൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാധ്യത എന്നിവ പഠിച്ചു റിപ്പോർട്ട് നൽകാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി. കിഫ്ബി സഹായത്തോടെ പാലക്കാട് പാക്കിങ് യൂണിറ്റ് തുടങ്ങാനും ഏകീകൃത ബ്രാൻഡിൽ നീര പുറത്തിറക്കാനും കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു സബ്സിഡി അനുവദിച്ചു നീര പദ്ധതി പ്രഖ്യാപിച്ചത്. നാളികേര വികസന ബോർഡ് വഴി കേന്ദ്രസർക്കാരും സബ്സിഡി നൽകി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുൾപ്പെടെ വായ്പയെടുത്ത് 29 നാളികേര ഉൽപാദക കമ്പനികളാണ് (സിപിസി) രൂപീകരിച്ചത്.

ഇതിൽ 15 എണ്ണം ഉൾപ്പെടുത്തി കൺസോർഷ്യമുണ്ടാക്കി, കിഫ്ബി സഹായത്തോടെ ടെട്രാപാക്ക് യൂണിറ്റ് സ്ഥാപിക്കാനായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരം 25 കോടി രൂപ മുടക്കിൽ സ്ഥാപിക്കാനുദ്ദേശിച്ച മുതലമടയിലെ പ്ലാന്റ് ഏറ്റെടുക്കാനാണു ലക്ഷ്യമിട്ടത്. എന്നാൽ, 2020 മാർച്ചിൽ ധനമന്ത്രിയുടെ കൂടി സാന്നിധ്യത്തിലെടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയില്ല. സർക്കാർ ഉത്തരവില്ലാതെ പദ്ധതി അംഗീകരിക്കാനാകില്ലെന്നാണ് കിഫ്ബി നിലപാട്. 

പദ്ധതി നിലച്ചതോടെ സിപിസികളുടെ പ്രവർത്തനവും നിലച്ചു. പല കമ്പനികളും ജപ്തിഭീഷണിയിലാണ്. നീര ഉൽപാദന രംഗത്തു സജീവമായിരുന്ന 11 കമ്പനികൾക്ക് ആകെ 20 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇപ്പോൾ കൊല്ലം കൈപ്പുഴയിലെ ഒരു കമ്പനി മാത്രമാണു വാണിജ്യാടിസ്ഥാനത്തിൽ നീര ഉൽപാദിപ്പിക്കുന്നത്; ദിവസം ശരാശരി 500 ലീറ്റർ മാത്രം. കെഎഫ്സിയിൽ നിന്നു വായ്പയെടുത്ത 9 കമ്പനികൾക്കു പുനരുജ്ജീവന പാക്കേജ് നൽകിയതു മാത്രമാണ് ഈ രംഗത്തുണ്ടായ ഏക സർക്കാർ ഇടപെടൽ.

പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നും കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണു പുതിയ പഠനം നടത്തുന്നതെന്നും കൃഷി മന്ത്രി പി.പ്രസാദ് മനോരമയോടു പറഞ്ഞു.

English Summary: Agriculture department to conduct study on Neera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com