ADVERTISEMENT

കൊച്ചി ∙ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നു പറഞ്ഞ കോടതി, അല്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചു. ഹർജിക്കാരി ആലപ്പുഴ ബാർ അസോസിയേഷനെ മാത്രമല്ല, പൊതുജനത്തെയും ആലപ്പുഴ ജില്ലയിലെ കോടതികൾ ഉൾപ്പെടെ ജുഡീഷ്യൽ സംവിധാനത്തെയും  വഞ്ചിച്ചെന്നു ജസ്റ്റിസ് വി.ഷെർസി പറഞ്ഞു. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണു സെസിക്കെതിരെ കേസെടുത്തത്. 

ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ വളരെ ഗുരുതരവും സമൂഹത്തിൽ ആഘാതമുണ്ടാക്കുന്നതുമാണന്നു ഹൈക്കോടതി പറഞ്ഞു. കോടതികൾക്കെതിരെ ഉൾപ്പെടെയുള്ള അവരുടെ നിയമവിരുദ്ധ പ്രവൃത്തികൾ ഉരുക്കുമുഷ്ടികൊണ്ടു നേരിടേണ്ടതാണ്. യുവതിയാണെന്ന വസ്തുത കണക്കിലെടുത്ത് അലിവു കാണിക്കുന്നത് ജു‍‍ഡീഷ്യൽ സംവിധാനത്തിനാകെ നാണക്കേടാകുമെന്നും അതു നിയമ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസത്തെ തകർക്കുമെന്നും കോടതി പറഞ്ഞു.

മറ്റൊരു അഭിഭാഷകന്റെ എൻറോൾമെന്റ് നമ്പറാണു ബാർ അസോസിയേഷനിൽ നൽകിയ അപേക്ഷയിൽ നൽകിയതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു. ബാർ അസോസിയേഷൻ ലൈബ്രേറിയൻ ആയി പ്രവർത്തിച്ചപ്പോൾ രേഖകളുടെ ചുമതലയും അവർക്കായിരുന്നു. പുതിയ ഒരു അംഗത്തിനു ബാർ അസോസിയേഷനുകൾ അംഗത്വം നൽകുന്നതിനു മുൻപ് അവരെക്കുറിച്ച് ബാർ കൗൺസിലിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതു ഭാവിയിൽ ഇത്തരം തട്ടിപ്പു തടയാൻ സഹായിക്കുമെന്നും കോടതി പറഞ്ഞു.

അസോസിയേഷനിൽ സെസി നൽകിയ അപേക്ഷയും അന്നു നൽകിയ മറ്റു ചില അപേക്ഷകളും കാണാതായിട്ടുണ്ടെന്നു മൊഴിയിൽ പറഞ്ഞിട്ടുണ്ട്. മറ്റു രേഖകൾക്കൊപ്പം അന്വേഷണ ഏജൻസി ഇതു കണ്ടെത്തണം. പ്രോസിക്യൂഷൻ കേസെടുത്തിരിക്കുന്നതു കൂടാതെ, ഹർജിക്കാരി ചെയ്ത മറ്റു കുറ്റങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.

അഭിഭാഷകയായി കോടതിയിൽ ഹാജരായിട്ടില്ലെന്നു സെസി വാദിച്ചെങ്കിലും ഇവർ വാദിച്ച കേസിന്റെ വിധിന്യായത്തിൽ വിചാരണക്കോടതി പേരു രേഖപ്പെടുത്തിയതു തെളിവായി ഹൈക്കോടതി പരിഗണിച്ചു. സാമ്പത്തിക അവസ്ഥ മോശമായ കുടുംബത്തിൽനിന്നുള്ള അംഗമാണെന്നും പക്വതയമില്ലായ്മയും വിവേകമില്ലായ്മയും മൂലമാണു കോടതികളിൽ ഹാജരായതെന്നും അസോസിയേഷൻ നാമനിർദേശ പത്രിക സ്വീകരിച്ചതിനാലാണു ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നുമുള്ള വാദങ്ങൾ കോടതി തള്ളി.

Content Highlight: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com