ADVERTISEMENT

കോട്ടയം ∙മലങ്കര  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷസ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ സഭാ മാനേജിങ് കമ്മിറ്റി ഏകകണ്ഠമായി നാമനിർദേശം ചെയ്തു. വ്യാഴാഴ്ച ദേവലോകത്തു ചേർന്ന എപ്പിസ്കോപ്പൽ സിനഡ് യോഗം ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ഇതാണ് ഇന്നലെ ചേർന്ന മാനേജിങ് കമ്മിറ്റി യോഗം അംഗീകരിച്ചത്.

യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. സഖറിയാ മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. 

ഒക്ടോബർ 14ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം അംഗീകരിക്കുന്നതോടെ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തയുമായി സ്ഥാനാരോഹണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. കാതോലിക്കാ സ്ഥാനം സംബന്ധിച്ച മലങ്കര അസോസിയേഷൻ നിർദേശം എപ്പിസ്കോപ്പൽ സിനഡ് ചേർന്ന് അംഗീകരിക്കുകയും സ്ഥാനാരോഹണച്ചടങ്ങിന്റെ തീയതിയും മറ്റും തീരുമാനിക്കുകയും ചെയ്യും.

ഇന്നലെ പരുമല പള്ളിയിലെ കുർബാനയ്ക്കു ശേഷമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് ദേവലോകത്ത് എത്തിയത്. രാവിലെ 10.30ന് ആരംഭിച്ച മാനേജിങ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് ദേവലോകത്ത് മുൻഗാമികളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി.

Content Highlight: Malankara Orthodox Syrian Church, Mathews Mar Severios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com