ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവർക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്താനും കെപിസിസി നേതൃത്വം നിർദേശിച്ചു. 

അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡർ സ്വഭാവത്തിലേക്കു പാർട്ടിയെ മാറ്റാൻ കെപിസിസി തയാറാക്കിയ ഈ മാർഗനിർദേശങ്ങൾ താഴെത്തട്ടുവരെ റിപ്പോർട് ചെയ്യാൻ തുടങ്ങി. 

രാഷ്ട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ നിരീക്ഷിക്കും. കോൺഗ്രസുകാർ തമ്മിലെ തർക്കവും വഴക്കും തീർക്കാൻ ഓരോ ഘടകവും സമിതികളെ വയ്ക്കാനും ധാരണയായി. പാർട്ടിയുടെ പൊതുവേദികളിൽ വനിത, പട്ടികജാതി നേതാക്കൾ ഓരോരുത്തർക്ക് എങ്കിലും ഇരിപ്പിടം നൽകും. വ്യക്തി വിരോധത്തിന്റെ പേരിൽ നേതാക്കന്മാരെ ഒരു ഘടകത്തിലും മാറ്റിനിർത്തില്ല 

മറ്റു പ്രധാന തീരുമാനങ്ങൾ 

∙ തിരഞ്ഞെടുപ്പുകളിൽ നിസ്സംഗത പാലിക്കുകയോ എതിരായി പ്രവർത്തിക്കുകയോ ചെയ്യുന്ന പ്രവർത്തകരെ കണ്ടെത്തി നടപടി സ്വീകരിക്കണം. 

∙ ഓഫിസുകൾ പുരുഷ കേന്ദ്രീകൃതം എന്ന ദുഷ്പേര് ഒഴിവാക്കണം. 

∙ ഓരോ ബൂത്തിനും കീഴിൽ ഒരു കുടുംബ ഡയറി തയാറാക്കണം. ഒരു വീട്ടിലെ ആരെല്ലാം കോൺഗ്രസിന്റെ ഭാഗമാണ്, മറ്റുള്ള പാർട്ടികളുടെ ഭാഗമാണ് എന്നതെല്ലാം ഉണ്ടാകണം. 

∙ മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ പാർട്ടി ഓഫിസുകളിൽ പാടില്ല. 

∙ ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല. 

∙ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോൺ സംഭാഷണവും മാന്യതയുടെ അതിർവരമ്പ് ലംഘിക്കുന്നതാകരുത്. 

∙ ജില്ലാ, സംസ്ഥാന ജാഥകൾക്കു വ്യക്തിപരമായി ആശംസ നേരുന്ന ഫ്ലെക്സ് പാടില്ല. പകരം ഔദ്യോഗിക കമ്മിറ്റിയുടെ പേരിലാവണം. 

∙ എല്ലാ പാർട്ടി പരിപാടികൾക്കും ഗാന്ധിജിയുടെ ചിത്രം നിർബന്ധമായി ഉപയോഗിക്കണം. 

∙ കോൺഗ്രസ് പ്രവർത്തകർക്കു സുരക്ഷിതത്വ ബോധം നൽകണം. കേസുകൾ വന്നാൽ അതു നടത്താനുള്ള സംവിധാനം അവർക്കായി ഏർപ്പെടുത്തണം. 

∙ വ്യക്തികളുടെ പിരിവുകൾ ഒഴിവാക്കണം.

English Summary: Congress semi cadre reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com