ADVERTISEMENT

കൊല്ലം ∙ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഗർഭസ്ഥ ശിശു മരിച്ചെന്ന വിവരം കണ്ടെത്താതിരിക്കുകയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി, മരിച്ച കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. പാരിപ്പള്ളി കുളമട കഴുത്തുംമൂട്ടിൽ താമസിക്കുന്ന കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീരയെ (23) 3 സർക്കാർ ആശുപത്രികളിൽ നിന്നു തിരിച്ചയച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ആർ.ശ്രീലതയോടു റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. മനോരമ വാർത്തയെ തുടർന്നാണ് നടപടി.

യുവതി ചികിത്സ തേടിയ കൊല്ലം വിക്ടോറിയ ആശുപത്രി, നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി എന്നിവയോടു ഡിഎംഒ റിപ്പോർട്ട് തേടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്) ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

നെടുങ്ങോലം ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണ പ്രകാരം, 11ന് വൈകിട്ട് നാലിന് യുവതി ആശുപത്രിയിൽ എത്തിയെങ്കിലും അവിടെ നിന്നു കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലേക്കു റഫർ ചെയ്തു. അഡ്മിറ്റ് ചെയ്തെങ്കിലും യുവതി അന്നുതന്നെ അവിടെ നിന്നു പോയെന്നാണ് വിക്ടോറിയ ആശുപത്രി അധികൃതരുടെ വിശദീകരണം. 13 ന് തിരുവനന്തപുരത്ത് എസ്എടിയിൽ എത്തിയെങ്കിലും വയറുവേദന കാര്യമാക്കാനില്ലെന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നെന്നാണു യുവതിയുടെ പരാതി. 15നു പുലർച്ചെ വേദന അസഹ്യമായതോടെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയും അര മണിക്കൂറിനുള്ളിൽ, ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

നെടുങ്ങോലം, വിക്ടോറിയ ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇന്നു ഡിഎംഒയ്ക്കു കൈമാറും. മീര ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹബീബ് നസിം പറഞ്ഞു. 2 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും.

English Summary: Investigation regarding denial of treatment to pregnant lady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com