ADVERTISEMENT

തൃശൂർ ∙ വികസനത്തിനായി തൊട്ടടുത്തുള്ള സംഗീതനാടക അക്കാദമിയുടെ 20 സെന്റ് സ്ഥലം ആവശ്യപ്പെട്ടു ലളിതകലാ അക്കാദമി സാംസ്കാരിക വകുപ്പിന് അപേക്ഷ നൽകി. എന്നാൽ, ഇപ്പോൾ ലളിതകലാ അക്കാദമിയുടെ കൈവശമുള്ള സ്ഥലം തന്നെ തങ്ങളുടേതാണെന്നും അതു തിരിച്ചു തരികയാണ് ഉചിതമെന്നുമുള്ള നിലപാടിലാണു സംഗീത നാടക അക്കാദമി. സ്ഥലം തിരികെ ചോദിച്ചു സംഗീതനാടക അക്കാദമി അധികൃതർ വകുപ്പ് സെക്രട്ടറിക്കു കത്തു നൽകി.

രാജ്യാന്തര നാടകോത്സവത്തിന്റെ സമയത്ത് ടെന്റ് തിയറ്റർ സ്ഥാപിച്ച സ്ഥലമാണു ലളിതകലാ അക്കാദമി ചോദിച്ചത്. അക്കാദമിയുടെ ഓഫിസ് കെട്ടിടം മുതൽ സംഗീതനാടക അക്കാദമിയുടെ കന്റീൻ വരെയുള്ള പ്രദേശമാണ് ഇതിൽ ഉൾപ്പെടുക. ‌

ഇതേ സ്ഥലത്ത് ഓപ്പൺ തിയറ്റർ, സെമിനാർ ഹാൾ തുടങ്ങിയവ നിർമിക്കാൻ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംഗീത നാടക അക്കാദമിക്ക് സ്ഥലം തികയാത്ത അവസ്ഥയിലാണെന്നു മറുപടിക്കത്തിൽ പറയുന്നു.

ചെമ്പുക്കാവിൽ ഇൻഡോർ സ്റ്റേഡിയത്തിന് എതിർവശത്തുള്ള അഞ്ചേക്കറോളം സ്ഥലം രണ്ടായി വിഭജിച്ച് കുറച്ചുഭാഗം രാമനിലയത്തിനും ബാക്കി സംഗീത നാടക അക്കാദമിക്കുമായി നൽകിയെന്നാണു രേഖകൾ. സർക്കാരിൽനിന്നു സ്ഥലം അനുവദിച്ചു കിട്ടിയതിന്റെ ഉത്തരവ് (ജിഒ) അക്കാദമിയിലുണ്ട്.

അതേസമയം, ലളിതകലാ അക്കാദമി, മുണ്ടശേരി ഹാൾ, ബാലഭവൻ എന്നിവയ്ക്കു സ്ഥലം ആവശ്യമായി വന്നപ്പോൾ സംഗീതനാടക അക്കാദമിയുടെ സ്ഥലത്തുനിന്നു മുറിച്ചു നൽകുകയായിരുന്നു. ഇത് കമ്മിറ്റി തീരുമാനപ്രകാരം നൽകിയതാണെന്നും സർക്കാർ ഉത്തരവ് അല്ലെന്നും സംഗീത നാടക അക്കാദമി അവകാശപ്പെടുന്നു. ലളിതകലാ അക്കാദമിക്ക് എറണാകുളത്തെ ദർബാർ ഹാൾ പോലെ മിക്ക നഗരങ്ങളിലും കേന്ദ്രങ്ങളുണ്ട്. അതുപോലെ ത‌ൃശൂരിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന നിലപാടാണു സംഗീത നാടക അക്കാദമി മുന്നോട്ടുവച്ചിരിക്കുന്നത്. വകുപ്പിന്റെ തീരുമാനം അനുസരിച്ചാവും നടപടി.

English Summary: Lalithakala Akademi seek land from Kerala Sangeetha Nataka Akademi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com