ADVERTISEMENT

കൊല്ലം ∙ പിരിവു കൊടുത്തില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്ന് കൺവൻഷൻ സെന്റർ ഉടമയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെ തള്ളി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. കൺവൻഷൻ സെന്ററിനോടു ചേർന്ന സ്ഥലത്ത് അടുത്തകാലത്തൊന്നും നികത്തൽ നടന്നിട്ടില്ലെന്നാണു സ്ഥലം സന്ദർശിച്ച തേവലക്കര വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. വയൽ നികത്തുകയാണെന്നായിരുന്നു സിപിഎം ആരോപണം.

അമേരിക്കയിൽ ജോലി ചെയ്യുന്ന മൈനാഗപ്പള്ളി കോവൂർ മായാ വിലാസത്തിൽ ഷഹി വിജയൻ നിർമിക്കുന്ന കൺവൻഷൻ സെന്ററിന്റെ ഭൂമിയിൽ കൊടി കുത്തുമെന്നായിരുന്നു സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യം ഭീഷണിപ്പെടുത്തിയത്. പിരിവായി ആവശ്യപ്പെട്ട 10000 രൂപ നൽകാതിരുന്നതിലെ പ്രകോപനമാണു വയൽ നികത്തൽ ആരോപിച്ചു ഭീഷണിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സിപിഎം നേതൃത്വം പാർട്ടിതല അന്വേഷണം തുടങ്ങി. കൺവൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകാത്തതിനെത്തുടർന്ന് 2 വർഷം മുൻപ് കണ്ണൂരിൽ സാജൻ എന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ ഈ സംഭവവും സിപിഎമ്മിനെ വെട്ടിലാക്കി.

ചവറ, തേവലക്കര വില്ലേജുകൾ ചേരുന്നിടത്താണു ഷഹി വിജയന്റെയും ഭാര്യ ഷൈനിയുടെയും ഉടമസ്ഥതയിൽ 10 കോടിയോളം രൂപ മുടക്കി കൺവൻഷൻ സെന്റർ നിർമിക്കുന്നത്. കൺവൻഷൻ സെന്റർ പണിത 75 സെന്റ് ഭൂമിയോടു ചേർന്ന് ഇവരുടെ പേരിലുള്ള 50 സെന്റ് ഭൂമിയിൽ 33 െസന്റ് ഡേറ്റാ ബാങ്കിൽപ്പെട്ടതാണ്.

പണം ആവശ്യപ്പെട്ടെന്ന് ഏരിയ സെക്രട്ടറി

പാർട്ടിക്കു സംഭാവന ആവശ്യപ്പെട്ട് ഷഹി വിജയനെ അങ്ങോട്ടു സമീപിച്ചിട്ടില്ലെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വാദം തള്ളി ചവറ ഏരിയ സെക്രട്ടറി ടി.മനോഹരൻ. സംഭാവന പിരിച്ചു പ്രവർത്തനങ്ങൾ നടത്തുന്നതു പാർട്ടിയുടെ പതിവാണ്. കുറച്ചു പണം നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും നൽകിയില്ല. ഇതിനിടെയാണു വയൽ നികത്തുന്നുവെന്ന ആരോപണം വന്നത്. സ്വാഭാവികമായും ഇതിനെതിരെ എതിർപ്പുയരും. അതിന്റെ പേരിലാണ് അപവാദ പ്രചാരണമെന്നും മനോഹരൻ പറഞ്ഞു.

English Summary: Convention center construction; CPM threat NRI in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com