ADVERTISEMENT

തിരുവനന്തപുരം ∙ 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിടുന്നതും കംപ്യൂട്ടർ തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്നു പ്രതികളായ നേതാക്കൾ വാദിച്ചു. വാച്ച് ആൻഡ് വാർഡായെത്തിയ പൊലീസുകാരാണ് സംഘർഷം ഉണ്ടാക്കിയതെന്നും പ്രതിരോധിക്കുക മാത്രമാണു ചെയ്തെന്നും മന്ത്രി വി.ശിവൻകുട്ടിയടക്കമുള്ളവർ ചീഫ് മജിസ്ട്രേട്ട് കോടതിയിൽ വാദിച്ചു. പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കവെയായിരുന്നു ഈ വാദം. എന്നാൽ, പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും വിടുതൽ ഹർജി തള്ളണമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. നിയമസഭയിലെ ഹാർഡ് ഡിസ്‌ക്കിൽ ടൈമർ ഘടിപ്പിച്ചിട്ടുണ്ടെന്നും തിരിമറി നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

തെളിവായി ഹാജരാക്കിയ ഡിവിഡികൾ അന്വേഷണ ഉദ്യോഗസ്ഥൻ നിയമസഭാ സെക്രട്ടറിയിൽനിന്നു സാക്ഷ്യപ്പെടുത്തി വാങ്ങിയില്ലെന്ന പേരിലാണ് ദൃശ്യങ്ങൾ വ്യാജമെന്ന വാദം പ്രതികൾ ഉന്നയിച്ചത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്‌പീക്കറുടെ കസേരയും കംപ്യൂട്ടറും നശിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും അവകാശപ്പെട്ടു.

അന്നു പ്രതിപക്ഷ എംഎൽഎമാരായിരുന്ന തോമസ് ഐസക്, വി.എസ്.സുനിൽ കുമാർ, ബി.സത്യൻ എന്നിവരും അധ്യക്ഷവേദിയിൽ കയറിയിരുന്നു; എന്നാൽ പ്രതികളാക്കപ്പെട്ടത് തങ്ങൾ 6 പേർ മാത്രമാണ്. നിയമലംഘനമല്ല, പ്രതിഷേധമാണു നടന്നത്. കേസിൽ പൊലീസുകാരെ മാത്രമാണു സാക്ഷികളാക്കിയത്; എംഎൽഎമാരെയും മന്ത്രിമാരെയും ഒഴിവാക്കി. വി.ശിവൻകുട്ടി നശിപ്പിച്ചെന്നു പറയുന്ന ഇലക്ട്രോണിക് പാനലിന്റെ പരിശോധന നടത്തിയ ഇലക്ട്രോണിക് എൻജിനീയറെ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചുകൊടുത്താണു മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. കെ.ടി.ജലീൽ എംഎൽഎ, മുൻ മന്ത്രി ഇ.പി.ജയരാജൻ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് മന്ത്രി ശിവൻകുട്ടിക്കു പുറമേയുള്ള പ്രതികൾ. വിടുതൽ ഹർജിയിൽ അടുത്ത മാസം ഏഴിനു കോടതി വിധി പറയും.

നികുതിപ്പണം കൊണ്ടു വാങ്ങിയത്; എംഎൽഎയ്ക്ക് നശിപ്പിക്കാനല്ല

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ ഒരു എംഎൽഎയ്ക്കും നശിപ്പിക്കാനുള്ളതല്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതികൾ പൂർണബോധ്യത്തോടെയാണ് അക്രമം നടത്തിയത്. കുറ്റം ചെയ്യുന്ന വ്യക്തി പ്രത്യാഘാതം അറിഞ്ഞിരിക്കണം. പ്രതികളുടെ പ്രവൃത്തി സഭാചരിത്രത്തിൽ ആദ്യത്തേതാണ്. അതിനാൽ വിടുതൽ ഹർജി തള്ളി ഇവരെ വിചാരണ ചെയ്യണം. അന്വേഷണത്തിൽ വീഴ്ചകളുണ്ടായാലും അതു വിചാരണയ്ക്കു ദോഷം ചെയ്യില്ലെന്നും വാദിച്ചു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണു കേസ്. പ്രതികൾ വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചിരുന്നു.

English Summary: Kerala assembly ruckus case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com