ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കാവുന്നവരെ സംബന്ധിച്ചു കോൺഗ്രസ് നേതൃത്വം ചർച്ച തുടങ്ങി. എ, ഐ ഗ്രൂപ്പുകൾ പ്രാഥമിക നിർദേശങ്ങൾ കൈമാറി. പുതിയ നേതൃത്വവും ചില പേരുകൾ പരിഗണിക്കുന്നു. 30 ന് മുൻപ് ചർച്ചകൾ പൂർത്തിയാക്കി കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിക്കു തിരിക്കും.

ഡിസിസി പുനഃസംഘടനയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ശേഷം തിരിച്ചെടുത്ത മുൻ ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായരെ ഭാരവാഹിത്വത്തിലേക്കു പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. 

കോൺഗ്രസ് ഉപേക്ഷിക്കുകയാണെന്നു പരസ്യമായി പ്രഖ്യാപിച്ച പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥിനെ കെപിസിസി ഭാരവാഹിത്വം നൽകി പാർട്ടിയിൽ സജീവമാക്കാൻ പ്രസിഡന്റ് കെ.സുധാകരൻ ശ്രമിക്കുന്നു. കോൺഗ്രസിൽ നിന്നു രാജി പ്രഖ്യാപിച്ചെങ്കിലും സുധാകരന്റെ ഇടപെടലിനു ശേഷം പരസ്യ നീക്കങ്ങൾക്കു ഗോപിനാഥ് മുതിർന്നിട്ടില്ല.

ശിവദാസൻ നായരെ കൂടാതെ ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ, അബ്ദുൽ മുത്തലിബ്, ജയ്സൺ ജോസഫ് തുടങ്ങിയവരുടെ പേരുകളാണു പ്രധാനമായും എ ഗ്രൂപ്പ് മുന്നോട്ടു വച്ചത്.

വി.എസ്.ശിവകുമാർ, എ.എ.ഷുക്കൂർ, എസ്.അശോകൻ, ഐ.കെ.രാജു, ഫിലിപ്പ് ജോസഫ്, ടി.യു.രാധാകൃഷ്ണൻ തുടങ്ങിയവരെ ഐയും നിർദേശിച്ചു. ഇരു ഗ്രൂപ്പുകളിലും സമ്മർദങ്ങൾ ഉള്ളതിനാൽ ഇനിയും പേരുകൾ ഉയർന്നേക്കാം. 19 ഭാരവാഹികളിൽ ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്നു പകുതിയിൽ താഴെ പേരെ മാത്രമേ പുതിയ നേതൃത്വം ഉൾപ്പെടുത്താൻ ഇടയുള്ളൂ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും.

വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ, പി.എം.നിയാസ്, അജയ് തറയിൽ, പഴകുളം മധു, ഡി.സുഗതൻ, കെ.മോഹൻകുമാർ തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി പരിഗണിക്കുന്നുണ്ട്. ബിന്ദു കൃഷ്ണ, പി.കെ.ജയലക്ഷ്മി, ജ്യോതി വിജയകുമാർ തുടങ്ങിയവർ വനിതാ പട്ടികയിലുണ്ട്.

51 അംഗ നിർവാഹക സമിതിയിൽ 15 ജനറൽ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിർവാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോൾ അന്തിമമാക്കാൻ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തിൽ നിയമിക്കുന്നില്ല.

English Summary: KPCC Revamp begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com