ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുഖ്യ ചുമതല പൊലീസിന്. ഇതിനായി പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾക്കു പുറമേ പൊലീസ് മേധാവിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

‘എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും പ്രദേശത്തെ സ്കൂളുകളിലെ പ്രഥമ അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചു സുരക്ഷാ നടപടികൾ ചർച്ച ചെയ്യും. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും പൊലീസിനാണ്. ഇതിനു മോട്ടർ വാഹന വകുപ്പിന്റെ സഹായം തേടാം. 

സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബർ 20 നു മുൻപു പൂർത്തിയാക്കണം. സ്വകാര്യ വാഹനങ്ങളുടെ അടക്കം ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫിസറായി നിയോഗിക്കും. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്നു ഹൗസ് ഓഫിസർമാർ സ്കൂളിലെത്തി പരിശോധിക്കണം.

കോവിഡ് മരണം: നഷ്ടപരിഹാരം ഉടൻ

തിരുവനന്തപുരം ∙ കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കു കേന്ദ്ര സർക്കാർ നിർദേശിച്ചതനുസരിച്ചുള്ള നഷ്ടപരിഹാരം ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

‘മരണക്കണക്കിൽ പ്രതിപക്ഷം ആരോപിക്കും പോലുള്ള പിശക് സംഭവിച്ചിട്ടില്ല. കോവിഡ് മരണത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളിൽ പിന്നീടു മാറ്റം വന്നിട്ടുണ്ട്. നെഗറ്റീവ് ആയ ശേഷമുള്ള മരണമടക്കം മറ്റു ചില മാനദണ്ഡങ്ങൾ കൂടി വന്നതോടെ മരണക്കണക്കിൽ വ്യത്യാസം വന്നിട്ടുണ്ട്. അങ്ങനെ പരിഷ്കരിച്ച പട്ടികയിൽ ഉള്ളവരുടെയെല്ലാം ആശ്രിതർക്കു സഹായം നൽകും. ഇതിനായുള്ള നടപടികളും ഓൺലൈനായി തന്നെ ചെയ്യും’

പരാതി കേൾക്കാൻ സമിതി

കോവിഡ് മരണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ജില്ലാ തലത്തിൽ നിയോഗിക്കാൻ കോവിഡ് അവലോകന യോഗത്തിൽ ധാരണ. ഇതിനുള്ള മാർഗനിർദേശം ഒരാഴ്ചയ്ക്കകം രൂപീകരിക്കും. പരിശീലനം ഈയാഴ്ച തന്നെ തുടങ്ങും. ഒക്ടോബർ ആദ്യവാരം തന്നെ ഈ സംവിധാനം നടപ്പാക്കാനാണു ധാരണ.

ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 8% കുറവ്

തിരുവനന്തപുരം ∙ തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ തുടർന്നു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 8% കുറവുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നതു കുറഞ്ഞു വരുന്ന പ്രവണതയാണ്.  പത്തനംതിട്ട, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് റീ–ഇൻ‍ഫെ‍ക‍്ഷൻ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്കി‍ടയിലാണു രോഗബാധ കൂടുതൽ കാണുന്നത്. 

കോവിഡ് മരണങ്ങളിൽ 57.6 ശതമാനവും വാക്സീൻ എടുക്കാത്തവ‍ർക്കാണു സംഭവിച്ചത്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസ് വാക്സീൻ എടുത്തവരും 7.9% പേർ 2 ഡോസും എടുത്തവ‍രുമാണ്.

English Summary: Student protection is Police responsibility: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com