ADVERTISEMENT

മലപ്പുറം ∙ ‘യാദൃച്ഛികം’ എന്ന വാക്കിന് ഒന്നരപ്പവൻ തങ്കക്കൊലുസിന്റെ ഭംഗിയുണ്ടെന്നും സത്യസന്ധതയ്ക്ക് അതിനെക്കാൾ മാറ്റുകൂടുതലാണെന്നും നിലമ്പൂർ സ്വദേശികളായ ഹനീഫയും അൻസയും മനസ്സിലാക്കിയതു കഴിഞ്ഞ ദിവസമാണ്. നാലു വർഷം മുൻപ് ഓട്ടോയിൽ സ്വർണം നഷ്ടപ്പെടുക, അതേ ഓട്ടോയിൽ വീണ്ടും കയറുക, സംസാരത്തിനിടെ പഴയ കഥ പറയുക, സ്വർണപ്പാദസരം തിരിച്ചു കിട്ടുക. സിനിമയെ വെല്ലുന്ന ട്വിസ്റ്റും ടേണുമുണ്ടെങ്കിലും വിശ്വസിച്ചേ തീരൂ. കഥയല്ല, സത്യസന്ധതയുടെ പത്തരമാറ്റുള്ള അനുഭവം തന്നെയാണിത്. 

18 വർഷമായി നിലമ്പൂരിൽ ഓട്ടോ ഓടിക്കുകയാണു നിലമ്പൂർ രാമൻകുത്ത് ഹനീഫ. നാലു വർഷം മുൻപ് വാഹനം കഴുകുന്നതിനിടെ പിൻ സീറ്റിനിടയിൽനിന്നു രണ്ടു പാദസരം കിട്ടി. മാസങ്ങളുടെ ഇടവേളയിലാണു സീറ്റ് കഴുകി വൃത്തിയാക്കുന്നത്. അതിനാൽ, കളഞ്ഞുകിട്ടിയ ആഭരണം ഏതു ദിവസമാണു വണ്ടിയിൽ വീണതെന്ന് അറിയാൻ വഴിയില്ലായിരുന്നു. യഥാർഥ ഉടമയെത്തുമെന്ന പ്രതീക്ഷയിൽ ഹനീഫയും കുടുംബവും സ്വർണം സൂക്ഷിച്ചു. ലോക്ഡൗൺ കാലത്ത് നിത്യവൃത്തിവരെ പ്രതിസന്ധിയിലായെങ്കിലും കളഞ്ഞുകിട്ടിയ സ്വർണം നിധിപോലെ സൂക്ഷിച്ചു. 

ദിവസങ്ങൾക്കു മുൻപ് രാത്രി എട്ടോടെ നിലമ്പൂർ വീട്ടിച്ചാൽ തിരുത്തിങ്കൽ അബ്ദുല്ലയുടെ ഭാര്യ അൻസ നിലമ്പൂർ ആശുപത്രി റോഡിൽനിന്നു വീട്ടിൽ പോകാനായി ഹനീഫയുടെ ഓട്ടോയിൽ കയറി. യാത്രയ്ക്കിടെ, 4 വർഷം മുൻപ് ഇതുപോലൊരു യാത്രയിൽ മകളുടെ പാദസരം ഓട്ടോയിൽ മറന്ന കഥ അൻസ പറഞ്ഞു. എക്സ്റേ എടുക്കുന്നതിനായി ഊരിയ പാദസരങ്ങൾ രണ്ടും ചേർത്തു കൊളുത്തിയാണു സൂക്ഷിച്ചിരുന്നതെന്നുകൂടി പറഞ്ഞതോടെ ഹനീഫ ഉറപ്പിച്ചു. നാലു വർഷമായി താൻ അന്വേഷിക്കുന്നയാളെ ഇതാ കണ്ടെത്തിയിരിക്കുന്നു. അന്നു തന്നെ അബ്ദുല്ലയുടെ വീട്ടിലെത്തി ഹനീഫ സ്വർണം കൈമാറി. ഹസീനയാണു ഹനീഫയുടെ ഭാര്യ. റിഷാൻ, റയാൻ എന്നിവർ മക്കളാണ്.

English summary: Auto driver return gold after 4  years to owner in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com