ADVERTISEMENT

തിരുവനന്തപുരം ∙ കോളജുകളിലെ പ്രഫസർ പദവി  മുൻകാല പ്രാബല്യത്തോടെ ലഭിക്കാൻ വ്യാജ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും തയാറാക്കി നൽകുന്ന പ്രസിദ്ധീകരണശാലകൾ രംഗത്ത്. 

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രഫസർ പദവി അനുവദിച്ചതോടെയാണ്  2018 മുതൽ മുൻകാല പ്രാബല്യത്തോടെ പദവി ലഭിക്കുന്നതിനു ഗവേഷണ പ്രബന്ധങ്ങൾ 3 വർഷം മുൻപുള്ള തീയതികളിലുള്ള ജേണലുകളിൽ പ്രസിദ്ധീകരിച്ചു നൽകുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണശാലയാണ് മുന്നിൽ. 

മുൻ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണെന്നു വ്യക്തമാക്കുന്ന രേഖ സഹിതം പ്രബന്ധങ്ങൾ തയാറാക്കി നൽകുമെന്ന ഇമെയിൽ സന്ദേശങ്ങളുമായി അവർ കോളജ്  അധ്യാപകരെ സമീപിക്കുന്നുവെന്നാണ് വിവരം. വ്യാജമായി പഴയ പ്രസിദ്ധീകരണങ്ങൾ  തയാറാക്കി നൽകുന്നതിന് 50,000 രൂപ  ആവശ്യപ്പെടുന്നു. പ്രബന്ധം കൂടി സംഘടിപ്പിക്കണമെങ്കിൽ തുക പിന്നെയും കൂടും.

പ്രഫസർ പദവി ലഭിക്കുന്നതിനുള്ള യോഗ്യതകളിൽ ഒന്ന് അംഗീകൃത ജേണലുകളിൽ 10 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണം എന്നതാണ്.  2019 മുതലാണ് ഈ വ്യവസ്ഥ നിലവിൽ വന്നത്.  ഇങ്ങനെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ എണ്ണം കുറവായതിനാൽ പലർക്കും പ്രഫസർ പദവി ലഭിക്കുന്നതിനു തടസ്സമുണ്ട്. 

സർക്കാർ കോളജുകളിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറും എയ്ഡഡ് കോളജുകളിൽ സർവകലാശാലകളുമാണ്  പ്രഫസർ പദവി അനുവദിക്കുന്നത്. സർക്കാർ കോളജുകളിലെ  അധ്യാപകർക്കു പ്രഫസർ പദവിക്കുള്ള രേഖകൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം  മൂന്നാം തവണ നീട്ടിയത്  30ന് അവസാനിക്കും. ഇതു  പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു സാവകാശം ലഭിക്കുന്നതിനാണെന്ന് ആക്ഷേപമുണ്ട്.

പ്രഫസർ പദവിക്ക് അർഹതയുള്ള നൂറ്റമ്പതോളം  പേർ സംസ്ഥാനത്തുണ്ട്. യുജിസി അംഗീകരിച്ച പട്ടികയിലുള്ള ജേണലുകളിൽ അല്ലാതെ  മറ്റു പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങൾ പ്രഫസർ പദവിക്കു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.

English Summary: Fake thesis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com