ADVERTISEMENT

കോഴിക്കോട് ∙ കോടികളുടെ മുടക്കി കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടി‍ഡിഎഫ്സി) മാവൂർ റോഡിൽ പണിതുയർത്തിയ ഇരട്ട ടെർമിനൽ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ലെങ്കിലും ബലപ്പെടുത്തേണ്ട അവസ്ഥയിൽ. ബസ് സ്റ്റാൻഡും ഇതിൽ നിന്നു കുറെക്കാലത്തേക്കെങ്കിലും മാറ്റേണ്ടി വരും.

2009 ൽ 54 കോടി രൂപ ചെലവു കണക്കാക്കി പണി തുടങ്ങിയ കെട്ടിടം 2015 ൽ പൂർത്തിയാക്കുമ്പോൾ ചെലവ് 74.63 കോടി ആയി ഉയർന്നു. മാരത്തൺ നിർമാണം കഴിഞ്ഞ് 2015-ൽ ബസ് സ്റ്റാൻഡ് തുറന്നെങ്കിലും നിയമലംഘനങ്ങൾ കാരണം കോർപറേഷൻ അനുമതികൾ ലഭിക്കാതെ വാണിജ്യ സമുച്ചയം (ഇരട്ട ടവർ) തുറക്കാതെ കിടന്നു.

കെഎസ്ആർടിസിയുടെ സ്ഥലത്ത് രണ്ടു ടവറുകളിലെ 14 നിലകളിലായി 3,28,460 ചതുരശ്ര അടി കെട്ടിടം പണിതീർത്തത് കോഴിക്കോട് കോർപറേഷന്റെ പ്രാഥമിക അനുമതികൾ പോലും നേടാതെയാണ്. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിർമാണം തടയാനും 12 കോടി രൂപ പിഴയടയ്ക്കാനും ഒരിക്കൽ കോർപറേഷൻ നോട്ടിസ് നൽകിയെങ്കിലും സർക്കാർ നിർമാണമായതിനാൽ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയായിരുന്നു. മദ്രാസ് ഐഐടിയുടെ കൂടി കണ്ടെത്തലുകൾ പുറത്തു വരുന്നതോടെ വെളിപ്പെടുന്നത് കെട്ടിട നിർമാണത്തിലെ പോരായ്മകളും വൻ ക്രമക്കേടുകളുമാണ്.

ഭൂനിരപ്പിനും അടിയിലുള്ള രണ്ടു നിലകളിലെ 9 തൂണുകൾക്കു ഗുരുതരമായ വിള്ളലുകളും മറ്റു നൂറോളം തൂണുകൾക്കു ചെറിയ വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. അതു ബലപ്പെടുത്താൻ 20 കോടി രൂപയ്ക്കടുത്ത് ഇനിയും ചെലവഴിക്കേണ്ടി വരും. അതായത് 54 കോടിയിൽ തുടങ്ങിയ പദ്ധതി എത്തുന്നതു 94 കോടിയിലേക്ക്. എല്ലാ ചെലവും കെടിഡിഎഫ്സി തന്നെ വഹിച്ച്, കെട്ടിടത്തിന്റെ പോരായ്മകളെല്ലാം തീർത്ത്, കരാറുകാരന് കൈമാറണം. അതിനു ശേഷം ഒന്നര വർഷം കൂടി കഴിഞ്ഞേ കരാർ പ്രകാരമുള്ള പ്രതിമാസ വാടക ലഭ്യമായിത്തുടങ്ങുകയുള്ളൂ.

കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു നേരത്തേ തന്നെ കണ്ടെത്തിയതിനെ തുടർന്നാണു വിജിലൻസ് അന്വേഷണത്തിനു കഴിഞ്ഞ സർക്കാർ ഉത്തരവിട്ടതും ഐഐടിയെ പഠനത്തിനു ചുമതലപ്പെടുത്തിയതും. ഐഐടി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മന്ത്രിയുടെ കീഴിലെ രണ്ടു വകുപ്പുകളായ കെഎസ്ആർടിസിയും കെടിഡിഎഫ്സിയും തമ്മിലുള്ള തർക്കങ്ങളാണു പദ്ധതി ദീർഘിപ്പിച്ചത്.

English Summary: Kozhikode KSRTC terminal complex pillars damged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com