പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി.എം.കുട്ടി വിടവാങ്ങി; മാഞ്ഞൂ, ഇശൽ നിലാവ്

vm-kutty
വി.എം കുട്ടി
SHARE

കൊണ്ടോട്ടി (മലപ്പുറം) ∙ മാപ്പിളപ്പാട്ടുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവർന്ന ഗായകനും രചയിതാവും സംഗീത സംവിധായകനുമായ വി.എം.കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായും മറ്റുമുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊണ്ടോട്ടി പുളിക്കൽ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.

മാപ്പിളപ്പാട്ടിനെ ജനകീയവൽക്കരിച്ചവരിൽ പ്രമുഖനാണ്. അവസാനകാലം വരെ സാംസ്കാരിക വേദികളിൽ സജീവമായിരുന്നു.ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ, സംഗീത നാടക അക്കാദമി അംഗം, ലളിതകലാ അക്കാദമി അംഗം, ചലച്ചിത്ര അക്കാദമി അംഗം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗം, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രത്യേക ക്ഷണിതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎം വേദികളിലും പതിവുസാന്നിധ്യമായിരുന്നു.

പുളിക്കൽ മുട്ടയൂരിൽ വടക്കുംകര ഉണ്ണി മുസല്യാരുടെയും ചെറുപാലക്കോട് ഇത്താച്ചുക്കുട്ടിയുടെയും മകനായി 1935 ഏപ്രിൽ 16നാണ് ജനനം. ഭാര്യമാർ: പരേതയായ ആമിനക്കുട്ടി, സുൽഫത്ത്. മക്കൾ: അഷ്റഫ് (ബിസിനസ്), മുബാറക് (ബിസിനസ്), സൽമാൻ, റഹ്മത്തുല്ല (ഷാർജ), ബർക്കത്തുല്ല (ഷാർജ), ബുഷ്റ, ഷഹർബാൻ, കുഞ്ഞിമോൾ. മരുമക്കൾ: സുബൈദ (മാവൂർ), മുഹമ്മദ്കുട്ടി (കളിയാട്ടമുക്ക്), അസീസ് (വേങ്ങേരി), നാസര് (അരക്കിണർ)‍, ജുമൈല, സുമയ്യ (അങ്ങാടിപ്പുറം), ഷാഹിന (മഞ്ചേരി), ഷമീമ (കോഴിക്കോട്).

1957 മുതൽ 1985 വരെ കൊളത്തൂർ എഎംഎൽപി സ്കൂൾ പ്രധാനാധ്യാപകനും അധ്യാപകനുമായിരുന്നു. ആകാശവാണി ആർട്ടിസ്റ്റായും ചിത്രകാരനായും ഗ്രന്ഥകാരനായും നാടകകൃത്തായും അഭിനേതാവായും സാംസ്കാരിക സ്ഥാപനങ്ങളുടെ അമരക്കാരനായും വി.എം.കുട്ടി നിറഞ്ഞുനിന്നു. 

ഉൽപത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു. 1921, മയിലാഞ്ചി, മാന്യമഹാജനങ്ങളേ, സമ്മേളനം, സമ്മാനം എന്നീ ചലച്ചിത്രങ്ങൾക്കു വേണ്ടി ഒപ്പന സംവിധാനം ചെയ്തതും അദ്ദേഹമാണ്. മാർക്ക് ആന്റണി എന്ന സിനിമയ്ക്ക് ഗാനങ്ങൾ രചിച്ചു. 

മലയാള സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചിട്ടുണ്ട്. എംഇഎസ് അവാർഡ്, ഉബൈദ് സ്മാരക കമ്മിറ്റി അവാർഡ്, മാല ദുബായ് അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് തൃശൂർ, ജിദ്ദ ഇന്ത്യൻ എംബസി സ്കൂൾ അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, മാപ്പിള സോങ്സ് ലവേഴ്സ് അവാർ‍ഡ്, ആശ പുരസ്കാരം, ഗൾഫ് മാപ്പിളപ്പാട്ട് അവാർഡ്, എം.സി.അപ്പുണ്ണിനായർ അവാർഡ്, ലക്ഷദ്വീപ് പരിഷത്ത് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ വി.എം.കുട്ടി നേടിയിട്ടുണ്ട്. 

മുഖ്യമന്ത്രിക്കു വേണ്ടി തിരൂർ സബ് കലക്ടർ ശ്രീധന്യ സുരേഷ്, മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, .പി.അബ്ദുസ്സമദ്സമദാനി, മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

English Summary: Mappilapattu Singer VM Kutty passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA