ADVERTISEMENT

കൊല്ലം ∙ മൂർഖന്റെ ഒറ്റക്കടിയിൽ ഉത്ര മരിക്കണം– സൂരജിന്റെ ലക്ഷ്യം അതായിരുന്നു. അണലിയെക്കൊണ്ട് കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള മൂർഖനെത്തേടി പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിനെയാണു സൂരജ് സമീപിച്ചത്. മുട്ടയിട്ട് അടയിരിക്കുന്ന ശൗര്യമേറിയ മൂർഖനെ സുരേഷ് സൂരജിനു നൽകി. കൂടുതൽ ശൗര്യമേകാൻ മൂർഖനെ സൂരജ് ഒരാഴ്ച പട്ടിണിക്കിട്ടു.

പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തിന്റെ വിവരങ്ങൾ തേടി സൂരജ് കംപ്യൂട്ടറിനു മുന്നിൽ ഉറക്കമൊഴിച്ചു. യു ട്യൂബ് വിഡിയോകൾ കണ്ടു. പാമ്പുകളെക്കുറിച്ചുള്ള ഒരു സൈറ്റിൽ നിന്നു സുരേഷിന്റെ ഫോൺ നമ്പർ കിട്ടിയ സൂരജ് 2020 ഫെബ്രുവരി 12 നു സുരേഷിനെ വിളിച്ചു. അടൂർ പറക്കോടുള്ള വീട്ടിലേക്കു പാമ്പുകളെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസിനു ക്ഷണിച്ചു. 

വീട്ടിൽ മീൻ വളർത്തൽ കേന്ദ്രം ഉണ്ടെന്നും പാമ്പുകളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നുവെന്നുമായിരുന്നു ന്യായം. ഒപ്പം ഉഗ്രവിഷമുള്ള അണലിയെ ആവശ്യപ്പെട്ടു. അങ്ങനെ 5000 രൂപയ്ക്ക് അണലിയെ സുരേഷ് വീട്ടിലെത്തി കൈമാറി. 

പാമ്പിന്റെ രീതികൾ മനസ്സിലാക്കിയ സൂരജ് ഫെബ്രുവരി 29ന് ആദ്യ ശ്രമം നടത്തി. സ്റ്റെയർകേസിലെ ഒന്നാം നിലയിലെ ലാൻഡിങ് സ്ഥലത്ത് അണലിയെ തുറന്നു വിട്ടു. സമീപത്ത് മൊബൈൽ ഫോൺ വച്ച ശേഷം താഴേക്കു വന്നു. 

ഫോൺ മറന്നു പോയെന്നും എടുത്തു കൊണ്ടു വരണമെന്നും ഉത്രയോട് ആവശ്യപ്പെട്ടു. ഫോണെടുക്കാൻ പോയ ഉത്ര പാമ്പിനെക്കണ്ടു ഭയന്നോടി. സൂരജ് അണലിയെ ചാക്കിലാക്കി ഒളിപ്പിച്ചു.

മാർച്ച് രണ്ടിനു രണ്ടാമത്തെ ശ്രമം. ഉറങ്ങാനുള്ള ഗുളിക പഴച്ചാറിൽ ചേർത്ത് ഉത്രയെ കുടിപ്പിച്ചു. ഉറങ്ങിപ്പോയ ഉത്രയുടെ ദേഹത്തേക്ക് അണലിയെ തുറന്നുവിട്ടു. പെട്ടെന്നു കടിക്കാൻ, വടി കൊണ്ട് അണലിയെ അടിച്ചു. കടിയേറ്റ വിവരം പിന്നീടാണ് ഉത്ര അറിയുന്നത്. ഇതിനിടെ അണലിയെ സൂരജ് വടികൊണ്ടെടുത്ത് പുറത്തേക്ക് എറിഞ്ഞു. 56 ദിവസം ചികിത്സയിൽ കഴിഞ്ഞ ഉത്ര അതിനുശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിനെത്തി.

ആദ്യ 2 കൊലപാതക ശ്രമങ്ങളും പൊളിഞ്ഞതോടെയാണ് സൂരജ് അടുത്ത പദ്ധതിയിട്ടത്. സുരേഷിനോട് 5000 രൂപയ്ക്ക് വാങ്ങിയ മൂർഖനെ രാത്രി ഉത്രയുടെ ദേഹത്തേക്കു തുറന്നു വിടുകയായിരുന്നു. 

ഇടതു കൈത്തണ്ടയിൽ കടിപ്പിച്ച ശേഷം ഒന്നുമറിയാത്തതു പോലെ നേരം പുലരുന്നതുവരെ ഉത്രയോടൊപ്പം അതേ മുറിയിൽ കഴിഞ്ഞു. പിന്നീട് ഉത്രയുടെ അമ്മയാണു യുവതി ബോധരഹിതയായി കിടക്കുന്നതു കണ്ടത്.

സമാന കേസുകൾ നന്നായി പഠിച്ച് അന്വേഷണ സംഘം

കൊല്ലം ∙ പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തിയ രാജ്യത്തെ നാലാമത്തെയും സംസ്ഥാനത്തെ ആദ്യത്തെയും കേസാണ് ഉത്ര വധക്കേസ്. അതുകൊണ്ടു തന്നെ ഉത്ര കേസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനുള്ള സിലബസിന്റെ ഭാഗമാക്കുകയും ചെയ്തു.

രാജ്യത്തു പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തിയ 4 സംഭവങ്ങളിലും പ്രതികൾ അടുത്ത ബന്ധുക്കളാണ്. ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തും മുൻപ് നാഗ്പുരിലും പുണെയിലും രാജസ്ഥാനിലുമാണു സമാനകേസുകൾ. ആദ്യ 2 കേസുകളിലും പ്രതികളെ കോടതി വിട്ടയച്ചു. രാജസ്ഥാനിൽ സുബോധ ദേവി എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന്റെ ഭാര്യയും കാമുകനുമടക്കം 3 പേരാണ് പ്രതികൾ. ഈ കേസിൽ വിചാരണ നടക്കുന്നു.

നാഗ്പുരിൽ വയോധിക ദമ്പതികളെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇളയമകൻ ഉൾപ്പെടെ 5 പേരായിരുന്നു പ്രതികൾ. 84 വയസ്സുള്ള ഗൃഹനാഥനും 78 വയസ്സുള്ള ഭാര്യയുമാണു മരിച്ചത്. 2004 ൽ പുണെയിൽ താബുജി സിത്താറാം ബഥലെ എന്ന നാൽപതുകാരനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലും സമാനവിധിയായിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു താബുജിയുടെ മരണം. സംഭവം നടന്ന് 3 വർഷം കഴിഞ്ഞാണ് കൊലപാതകമാണെന്ന ആരോപണം ഉയർന്നത്. ഭാര്യ ഉൾപ്പെടെ കേസിൽ പ്രതിയായി. എന്നാൽ, പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

English Summary: Sooraj preparations for Uthra Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com