ADVERTISEMENT

നേമം (തിരുവനന്തപുരം) ∙ കോർപറേഷൻ നികുതിപ്പണം തട്ടിപ്പു കേസിലെ രണ്ടാം പ്രതി നേമം സോണൽ ഓഫിസ് സൂപ്രണ്ട് പൊലീസിനു കീഴടങ്ങി. പൂജപ്പുര മുടവൻമുകൾ കേശവദേവ് റോഡ് ശാന്തി ഭവനിൽ ശാന്തി (49) ആണ് കീഴടങ്ങിയത്. ഇടതു സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ്‌യു) ഭാരവാഹിയായിരുന്ന ശാന്തിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി, യുഡിഎഫ് കക്ഷികൾ രൂക്ഷമായ സമരം നടത്തുന്നതിനിടെയാണ് കീഴടങ്ങൽ. തട്ടിപ്പിൽ ഭരണസമിതി സ്വീകരിച്ച നിലപാടുകൾ വിശദീകരിക്കാൻ ഇന്നു പ്രത്യേക കൗൺസിൽ യോഗം ചേരും. സമരം തുടരുമെന്ന് ബിജെപി, യുഡിഎഫ് നേതാക്കൾ അറിയിച്ചു.

ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ 26.74 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ ഓഫിസിൽ കണ്ടെത്തിയത്. കാഷ്യർ, സൂപ്രണ്ട് എന്നിവരെ പ്രതി ചേർത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കഴിഞ്ഞ 16 നു കാഷ്യർ എസ്. സുനിതയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് വൈകിപ്പിക്കുന്നതിൽ ഒത്തുകളി ആരോപിച്ച് ബിജെപി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയതിനു പിന്നാലെയാണ് ശാന്തിയുടെ കീഴടങ്ങൽ. നേമത്തു 2020 ജനുവരി 24 മുതൽ ഒന്നര വർഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. 25 ദിവസം ബാങ്കിൽ പണം അടച്ചിട്ടില്ലെന്നു കണ്ടെത്തി.

ശ്രീകാര്യം, ആറ്റിപ്ര, നേമം സോണൽ ഓഫിസുകളി‍ലെ തട്ടിപ്പിൽ 32.96 ലക്ഷം രൂപയാണ് നഷ്ടം. ഈ ഓഫിസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപറേഷൻ സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് നിർദേശം. എന്നാൽ വ്യാജ കൗണ്ടർഫോയിൽ സമർപ്പിച്ച് പണം തട്ടുകയായിരുന്നു. 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 4 പേർ അറസ്റ്റിലായി.

English Summary: Main accused in Thiruvananthapuram Corporation tax scam Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com