ADVERTISEMENT

മലപ്പുറം ∙ കൊണ്ടോട്ടിക്കു സമീപം കൊട്ടുക്കരയിൽ പട്ടാപ്പകൽ 21കാരിയെ ആക്രമിച്ച കേസിന്റെ തുടർ നടപടികളിൽ നിർണായകം പ്രതിയുടെ പ്രായം. ലഭ്യമായ രേഖകൾ പ്രകാരം പ്രതിക്കു 15 വയസ്സാണ്. അങ്ങനെയെങ്കിൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 3 മുതൽ 7 വർഷം വരെ തടവുശിക്ഷയാണു ലഭിക്കുക.

16 വയസ്സു പൂർത്തിയായിട്ടുണ്ടെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു സാധാരണ നിയമനടപടികൾ നേരിടേണ്ടിവരും. ജുവനൈൽ ജസ്റ്റിസ് ബോർഡിനു പകരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാകും വിചാരണ നടക്കുക. വീട്ടുകാർ നൽകുന്ന രേഖകൾക്കൊപ്പം കൃത്യമായ പ്രായം അറിയുന്നതിനായി തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും പരിശോധിക്കും. 

2012-ൽ രാജ്യത്തെ നടുക്കിയ നിർഭയ സംഭവത്തിനു ശേഷമാണു കുട്ടിക്കുറ്റവാളികളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കിയത്. നിർഭയ കേസിലെ ഒരു പ്രതിക്കു 18 വയസ്സു പൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണു നടപടികൾ നേരിട്ടത്. അന്നത്തെ നിയമപ്രകാരം 3 വർഷത്തെ ശിക്ഷയ്ക്കു ശേഷം മോചിതനായി.

16-18 വയസ്സിനിടയിലുള്ളവരെ കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ചു സാധാരണ നിയമനടപടിക്കു വിധേയമാക്കാവുന്ന രീതിയിൽ 2015ൽ ആണു നിയമം ഭേദഗതി ചെയ്തത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയാണു സാധാരണ നിയമനടപടിക്കു വിധേയമാക്കുക. 16 വയസ്സിനു താഴെയുള്ളവർ അതീവ ഗുരുതരമായ കുറ്റകൃത്യം ചെയ്താലും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ തന്നെയാണു വിചാരണയും അനന്തര നടപടികളും നടക്കുക. 

കൊട്ടുക്കര കേസിൽ കുറ്റകൃത്യം അതീവ ഗുരുതരമാണെന്നാണു പൊലീസ് റിപ്പോർട്ട്. പ്രതിക്കെതിരെ വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രായം 16 വയസ്സിനു താഴെയായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ തന്നെയാണു വിചാരണ നടക്കുക. വിചാരണയ്ക്കു മുൻപ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാമൂഹിക റിപ്പോർട്ടും ബോർഡ് പരിശോധിക്കും. കുട്ടി കുറ്റകൃത്യം ചെയ്യാനിടയായ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു കൗൺസലിങ് ഉൾപ്പെടെയുള്ള തിരുത്തൽ നടപടികളുണ്ടാവുക. 

Content Highlight: Kondotty rape attempt case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com