ADVERTISEMENT

പാലക്കാട് ∙ സ്വകാര്യ എസ്റ്റേറ്റിലെ വൈദ്യുത കേബിളിൽ നിന്നു ഷോക്കേറ്റ് രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു. മലമ്പുഴ ആനക്കൽ എലാക്ക് എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു 4 ആനകൾക്കും ഒപ്പമെത്തിയ കുട്ടിയാന, തറയിലൂടെ പോകുന്ന കേബിളിൽ കടിക്കുകയായിരുന്നു.

രാവിലെ 7.30നു തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇവ വിറളിപൂണ്ടു നടക്കുന്നതു കണ്ടു സംശയം തോന്നി അടുത്തു ചെന്നപ്പോഴാണു കുട്ടിയാന ചരിഞ്ഞതു കണ്ടത്. ഉടനെ സമീപവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പ് അധികൃതർ എത്തിയപ്പോഴും മറ്റ് ആനകൾ കുട്ടിയാനയുടെ ചുറ്റുമുണ്ടായിരുന്നു. ചരിഞ്ഞ കുട്ടിയാനയെ എഴുന്നേൽപിക്കാൻ അമ്മയാന നടത്തിയ ശ്രമങ്ങൾ കണ്ടു നിന്നവർക്കു വേദനയായി. ആളുകൾ കൂടിയതോടെ ആനകൾ കാട്ടിലേക്കു തിരികെക്കയറി. കൂട്ടത്തിൽ മറ്റൊരു കുട്ടിയാനയും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

തോട്ടത്തിലെ കാർഷിക ആവശ്യങ്ങൾക്കായി കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുത കണക്‌ഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുഴൽക്കിണറിലേക്ക് എടുത്ത കേബിളിൽ നിന്നാണു കുട്ടിയാനയ്ക്കു ഷോക്കേറ്റത്. എന്നാൽ, ഈ കണക്‌ഷൻ അനുമതി കൂടാതെയാണ് ഇത്രദൂരം വലിച്ചതെന്നു പരിശോധന നടത്തിയ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. സെൽവരാജ് പറഞ്ഞു. 

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോസ്റ്റ്മോർട്ടം നടത്തി കുട്ടിയാനയെ കാട്ടിൽത്തന്നെ സംസ്കരിക്കുമെന്നും വാളയാർ റേഞ്ച് ഓഫിസർ യു. ആഷിക് അലി പറഞ്ഞു. 

English Summary: Palakkad elephant death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com