ADVERTISEMENT

തിരുവനന്തപുരം∙ നീര പദ്ധതിയിൽ മനംമാറ്റവുമായി സർക്കാർ. നീര മേഖലയുടെ പുനരുദ്ധാരണത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കാനും സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കാനും കൃഷിവകുപ്പു തീരുമാനിച്ചു. ഈ സാമ്പത്തിക വർഷം പദ്ധതിക്കായി ഒരു രൂപ പോലും സർക്കാർ മാറ്റിവച്ചിരുന്നില്ല. നീര ഉൽപാദന കമ്പനികൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിനിർദേശം പരിഗണനയിലില്ലെന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കൃഷി മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. സർക്കാരും കർഷകരും ചേർന്ന് ഇതിനകം 100 കോടിയോളം രൂപ മുടക്കിക്കഴിഞ്ഞ പദ്ധതിയിൽനിന്നു സർക്കാർ പിന്നോട്ടുപോകുന്നുവെന്ന സൂചനകൾ വരുന്നതിനിടെയാണു കൃഷിവകുപ്പിന്റെ പുനരാലോചന. 

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര(സിപിസിആർഐ)വുമായി മന്ത്രി പി.പ്രസാദ് ആദ്യഘട്ട ചർച്ച നടത്തി. രണ്ടാമത്തെ ചർച്ച അടുത്തയാഴ്ച നടക്കും. സംസ്ഥാനത്ത് 2015–16ൽ നീര പദ്ധതി ആവിഷ്കരിക്കുമ്പോൾ നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന ഇപ്പോഴത്തെ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസുമായും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. നാളികേര വികസന ബോർഡിനു കീഴിൽ 29 കർഷക കമ്പനികളാണു നീര ഉൽപാദനത്തിനു റജിസ്റ്റർ ചെയ്തതെങ്കിലും 11 കമ്പനികളാണു പദ്ധതിയുമായി മുന്നോട്ടുപോയത്. ഇപ്പോൾ കൊല്ലം കൈപ്പുഴയിലെ ഒരു കമ്പനി മാത്രമാണു വാണിജ്യാടിസ്ഥാനത്തിൽ നീര ഉൽപാദിപ്പിക്കുന്നത്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുൾപ്പെടെ വായ്പയെടുത്തു പ്ലാന്റ് തുടങ്ങിയ 11 കമ്പനികൾക്ക് ആകെ 20 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ട്. 

പുനരുജ്ജീവന പാക്കേജ് അനുവദിക്കാമോ എന്നതു ധനവകുപ്പുമായും വ്യവസായമെന്ന നിലയിൽ പിന്തുണയ്ക്കാനാകുമോ എന്നതു വ്യവസായ വകുപ്പുമായും ആലോചിക്കും. പദ്ധതിയുടെ പ്രായോഗികത പഠിക്കാൻ കൃഷി ഡയറക്ടറെ 3 മാസം മുൻപു ചുമതലപ്പെടുത്തിയിരുന്നെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. 

സർക്കാരും കർഷകരും നാളികേര വികസന ബോർഡും ചേർന്നാണ് 100 കോടിയോളം രൂപ നീര പദ്ധതിക്കായി മുടക്കിയത്. പ്ലാന്റ് സ്ഥാപിക്കാനുള്ള സബ്സിഡി, മൂലധന ഓഹരി, ടെക്നീഷ്യൻമാരുടെ പരിശീലനം എന്നിവയ്ക്കായി സർക്കാർ 35 കോടി രൂപ അനുവദിച്ചിരുന്നു. 

‌∙ ‘‘ലാഭകരമായി നീര പദ്ധതി തുടരാനാകുമോ, എങ്കിൽ അതെങ്ങനെ വേണം എന്നതു പഠിച്ച ശേഷമാകും മാസ്റ്റർ പ്ലാനും സാമ്പത്തിക പുനരുജ്ജീവന പാക്കേജും തയാറാക്കുക. കൃത്യമായ രൂപരേഖയില്ലാതെ സഹായം നൽകുന്നതുകൊണ്ടു കാര്യമില്ലാത്തതിനാലാണ് ഈ സാമ്പത്തികവർഷം ഫണ്ട് നീക്കിവയ്ക്കാതിരുന്നത്.’’ - മന്ത്രി പി.പ്രസാദ്

Content Highlight: Neera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com