സഹകരണ സ്ഥാപനങ്ങളിലെ ആർബിഐ നിയന്ത്രണം: കേരളം സുപ്രീം കോടതിയിലേക്ക്

HIGHLIGHTS
  • മറ്റു സംസ്ഥാനങ്ങളുടെയും പിന്തുണ തേടും; സഹകരണ മന്ത്രിമാരുമായി ചർച്ച നടത്തും
  • കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്താൻ റിസർവ് ബാങ്കിനെയും സമീപിക്കും
SHARE

തിരുവനന്തപുരം ∙ പ്രാഥമിക സഹകരണ സംഘങ്ങൾക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. റിസർവ് ബാങ്ക് നീക്കത്തെ എങ്ങനെ മറികടക്കാനാകും എന്നതിനെക്കുറിച്ചു നിയമ വിദഗ്ധരുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടർ നടപടികൾക്കായി മന്ത്രിമാരായ വി.എൻ.വാസവനെയും കെ.എൻ.ബാലഗോപാലിനെയും ചുമതലപ്പെടുത്തി.

rbi-2

കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താൻ റിസർവ് ബാങ്കിനെയും സമീപിക്കും. സമാന സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടും. അവിടത്തെ സഹകരണ മന്ത്രിമാരുമായി ആശയവിനിമയം നടത്തും. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാൻ ആവശ്യമെങ്കിൽ പ്രതിനിധി സംഘത്തെ അയയ്ക്കും. 

പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ഇറക്കിയ കുറിപ്പിലൂടെ ആവർത്തിച്ചത്. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും. 2020 സെപ്റ്റംബറിൽ നിലവിൽ വന്ന ബാങ്കിങ് റഗുലേഷൻ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങൾക്കു ബാങ്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നത്. ഈ വ്യവസ്ഥ കേരളത്തിൽ നിർദേശിക്കപ്പെട്ട പോലെ നടപ്പായില്ല. 

ABC-membership

ബാങ്കിങ് നിയമഭേദഗതി ചട്ടത്തിനു ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച 2 വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപര്യം സംരക്ഷിക്കുന്നതായിരുന്നുവെന്നും ഇതു മറികടക്കാനുള്ള ശ്രമമാണു റിസർവ് ബാങ്ക് നടത്തുന്നതെന്നും സഹകരണമന്ത്രി വി.എൻ.വാസവൻ കുറ്റപ്പെടുത്തി. 97–ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈ കടത്താനുള്ള കേന്ദ്രനീക്കം തടഞ്ഞിരുന്നു. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കി. വോട്ടവകാശമുള്ള അംഗങ്ങൾക്കും ഇല്ലാത്ത അംഗങ്ങൾക്കും തുല്യ അവകാശമാണെന്നും വിധിച്ചു. ഈ വിധികളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്കു നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും സാധിക്കും. സംസ്ഥാന സഹകരണ നിയമമനുസരിച്ച് തന്നെ ഇത്തരം ഇടപാടുകൾ നടത്താം – മന്ത്രി പറഞ്ഞു. 

അംഗത്വത്തിൽ ഇടപെടാനാകില്ല

വോട്ടവകാശം ഉള്ള അംഗങ്ങളിൽ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂവെന്ന ആർബിഐയുടെ നിർദേശം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നു കേരളം ചൂണ്ടിക്കാട്ടുന്നു. സഹകരണ സ്ഥാപനങ്ങളിലെ ലാഭത്തിൽ നിന്നു നികുതി ഈടാക്കണമെന്ന ആദായ നികുതി വകുപ്പിന്റെ കേസിലാണ് അംഗത്വ വിഷയവും വന്നത്. വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പ് കോടതിയിൽ വാദിച്ചത്. എന്നാൽ അംഗത്വം സംബന്ധിച്ച തീരുമാനം സഹകരണ സ്ഥാപനങ്ങളുടേതാണെന്നും അക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. സഹകരണം സംസ്ഥാന വിഷയമായതിനാൽ അംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുന്നതിൽ കേന്ദ്രത്തിനോ ആർബിഐയ്ക്കോ ഇടപെടാൻ അധികാരമില്ലെന്നാണു കേരളത്തിന്റെ വാദം. 

69% കേരളത്തിൽ

‘സർവീസ് സഹകരണ സംഘം മേഖലയിലെ ക്രെഡിറ്റ് സംഘങ്ങളിൽ 69 ശതമാനവും കേരളത്തിലാണ്. അതു കൊണ്ടാണു കേരളം ശക്തമായ നിലപാട് സ്വീകരിക്കുന്നത്’ – മന്ത്രി വി.എൻ. വാസവൻ 

English Summary: Kerala to approach SC in RBI intervention in Co-operative bank administration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA