ADVERTISEMENT

കൊച്ചി ∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കടത്തിയ വാഹനം കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദിവസം മോഡലുകൾ നിശാപാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്ക് ഇനിയും കണ്ടു കിട്ടിയിട്ടില്ല. 

ഡിസ്കുമായി കടന്ന വാഹനത്തിന്റെ റൂട്ട് മാപ്പ് പൊലീസ് തയാറാക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ യാത്രാവിവരങ്ങൾ, അതിൽ സഞ്ചരിച്ച ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണു സംഭവ ദിവസവും തുടർന്നുള്ള ദിവസങ്ങളിലും ഈ വാഹനത്തിലുണ്ടായിരുന്നവരുടെ സഞ്ചാരത്തിന്റെ മാപ്പ് തയാറാക്കുന്നത്.

ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ ഹാർഡ് ഡിസ്ക് എറിഞ്ഞെന്നാണു ഹോട്ടൽ ജീവനക്കാരന്റെ മൊഴി. ഏതാണ്ട് ഈ ഭാഗത്തു മത്സ്യത്തൊഴിലാളിയുടെ വലയിൽ കുരുങ്ങിയതായി പറയപ്പെടുന്ന യന്ത്രഭാഗം ഈ ഹാർഡ് ഡിസ്ക്കാണോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി മൊഴിയെടുത്തു. 

മത്സ്യത്തൊഴിലാളികളുടെ വലയിൽ ഹാർഡ് ഡിസ്ക് കുരുങ്ങിയെന്ന പ്രചാരണം സാധനം കായലിൽ തന്നെയുണ്ടെന്നു വരുത്താനുള്ള നീക്കമാണോയെന്നും പരിശോധിക്കുന്നുണ്ട്. കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കണ്ടെത്താൻ 2 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു സംഘം കായലിൽ തിരച്ചിൽ തുടരും.

ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞിട്ടില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും ചോദ്യംചെയ്യലുമാണു രണ്ടാമത്തെ സംഘം നിർവഹിക്കുന്നത്. കായലിൽ ഇന്നലെ നടത്തിയ തിരച്ചിലും ഫലം കാണാതിരുന്ന സാഹചര്യത്തിലാണു രണ്ടാമത്തെ സാധ്യതയും പരിശോധിക്കുന്നത്.

English Summary: Models death: Probe continues on to find hard disc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com