ദത്തു വിവാദം: പിഴവ് ഗുരുതരം; നിയമനടപടിക്ക് സർക്കാർ തുനിയുമോ?

HIGHLIGHTS
  • ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി തലപ്പത്തുള്ളവരെ പ്രതികളാക്കേണ്ടി വരും
anupama-baby-2
SHARE

തിരുവനന്തപുരം ∙ ദത്തു വിവാദത്തിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും (സിഡബ്ല്യുസി) ഗുരുതരമായ പിഴവുകൾ സംഭവിച്ചെന്നു വനിത–ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഉത്തരവാദികൾക്കെതിരെ നിയമനടപടിക്കു സർക്കാർ തുനിയുമോ എന്ന ചോദ്യം ഉയരുന്നു. നിയമ നടപടികളുമായി മുന്നോട്ടു പോയാൽ ഇരുസ്ഥാപനങ്ങളുടെയും തലപ്പത്തുള്ളവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അങ്ങനെയെങ്കിൽ നിലവിലുള്ള പരാതിയുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ പല കുറ്റങ്ങൾ ഇവരുടെ പേരിൽ ചുമത്താമെന്നു നിയമവിദഗ്ധർ പറയുന്നു. ഇതിനൊപ്പം ദത്തു നടപടികളിൽ ക്രമക്കേട് തെളിഞ്ഞാൽ ശിശുക്ഷേമ സമിതിയുടെ ദത്ത് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനാകും. 

കേസെടുത്താൽ ചുമത്താവുന്ന വകുപ്പുകളും ശിക്ഷകളും ഇങ്ങനെ: 

ജുവനൈൽ ജസ്റ്റിസ് ആക്ട് (ജെജെഎ) – 80: (ദത്ത് നടപടികളിലെ ക്രമക്കേട്) 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും. 

ഐപിസി 120 ബി: (ഗൂഢാലോചന) 6 മാസം വരെ തടവും പിഴയും. 

കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ലഭിച്ചതു മുതൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദത്തു നൽകുന്നതുവരെയുള്ള കാര്യങ്ങളിൽ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും ഒരേ താൽപര്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചെന്നും ഇതിനായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നുമാണു പരാതി. 

ഐപിസി 468: (വ്യാജരേഖ ചമയ്ക്കൽ) 7 വർഷം വരെ തടവും പിഴയും. 

കുഞ്ഞിനെ അനുപമയുടെ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നു എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് , അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നായി. കുട്ടിയെ നേരിട്ട് എൽപിച്ചതാണെങ്കിൽ അതും ക്രമക്കേടാണ്. കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ലഭിച്ചതു മുതൽ കുട്ടി അനാഥയാണെന്നു കാട്ടിയുള്ള ദത്തു നടപടികൾക്കു വരെ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നാണു പരാതി. ദത്തു നൽകുമ്പോൾ ശിശുക്ഷേമ സമിതിക്ക് അതിനുളള ലൈസൻസ് ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ചും അവ്യക്തത നിലനിൽക്കുന്നു. 

ഐപിസി 420: (വഞ്ചന) 7 വർഷം വരെ തടവും പിഴയും. 

കുഞ്ഞിനെ ദത്തെടുക്കാൻ റജിസ്റ്റർ ചെയ്തു കാത്തിരുന്ന ആന്ധ്രപ്രദേശിലെ ദമ്പതികൾക്ക് അനാഥക്കുഞ്ഞെന്നു തെറ്റിദ്ധരിപ്പിച്ചാണ് അനുപമയുടെ കുഞ്ഞിനെ നൽകിയത്. വസ്തുത വെളിച്ചത്തായതോടെ അവർക്ക് ആ കുഞ്ഞിനെ മടക്കി നൽകേണ്ടി വന്നു. 

ഐപിസി 370: (മനുഷ്യക്കടത്ത്) 7 വർഷം വരെ തടവും പിഴയും. 

ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയും വ്യാജരേഖ ചമച്ചുമുള്ള അനധികൃത ദത്ത് നൽകൽ മനുഷ്യക്കടത്തായാണു പരിഗണിക്കുക. 

English Summary: Will government go legally in Anupama child adoption case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA