ഒമിക്രോൺ: കേരളത്തിൽ 7 ദിവസം കർശന ക്വാറന്റീൻ; യാത്രക്കാർക്കെല്ലാം ആർടിപിസിആർ

HIGHLIGHTS
  • മൂന്നുതവണ ആർടിപിസിആർ: പുറപ്പെടുംമുൻപ്, എത്തുമ്പോൾ, ക്വാറന്റീൻ കഴിഞ്ഞ്
  • വിമാനയാത്രാ ഇളവുകൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം
INDIA-HEALTH-VIRUS-VACCINE
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം / ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചു. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാനത്തിനു ലഭിച്ചു.

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്. ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്വാറന്റീൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

കേന്ദ്രസർക്കാർ തൽക്കാലം പൊതുമാർഗരേഖ നൽകിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീൽ, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‍വെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കും. 

അതിനിടെ, ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കൻ സ്വദേശികളിൽ 2 പേർ കോവിഡ് പോസിറ്റീവ് ആണെന്നും ഇത് ഒമിക്രോൺ അല്ല, ഡെൽറ്റ വകഭേദമാണെന്നു സ്ഥിരീകരിച്ചെന്നും ഇവർക്ക് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.  

ബ്രിട്ടനിൽ 2 പേർക്ക് ഒമിക്രോൺ

ബ്രിട്ടനിൽ 2 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.  ജർമനിയും ചെക്ക് റിപ്പബ്ലിക്കും കേസുകൾ സംശയിക്കുന്നു. യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ വിലക്കി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു സ്വന്തം പൗരന്മാർക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്ട്രേലിയ അറിയിച്ചു.

English Summary: Seven days quarantine for people coming from abroad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA