സിപിഎം സമ്മേളനങ്ങളിൽ തർക്കത്തിന്റെ വെടിയൊച്ച; പാർട്ടി നിർദേശം ലംഘിച്ച് വോട്ടെടുപ്പ്

CPM Flag | Logo
SHARE

തിരുവനന്തപുരം∙ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുന്ന ഘട്ടമെത്തുമ്പോൾ സിപിഎമ്മിൽ ചിലയിടങ്ങളിൽ തർക്കത്തിന്റെയും മത്സരത്തിന്റെയും ഒറ്റപ്പെട്ട വെടിയൊച്ച. സംസ്ഥാനതലത്തിൽ ചേരിതിരിവില്ലെങ്കിലും ജില്ലയിലും താഴെത്തട്ടിലും ഭിന്നതകളുണ്ടെന്ന സൂചന സംജാതമായി. പാർട്ടി ഭരണഘടന പ്രകാരം സമ്മേളനങ്ങളിൽ ഭാരവാഹി തിരഞ്ഞെടുപ്പിനു മത്സരമാകാമെങ്കിലും വോട്ടെടുപ്പ് ഒഴിവാക്കി ഏകകണ്ഠമായിരിക്കണം എന്നാണു സംസ്ഥാന കമ്മിറ്റി നിഷ്കർഷിച്ചിരിക്കുന്നത്. 

പാലക്കാട്ടും കോഴിക്കോട്ടും ഏരിയ സമ്മേളനങ്ങളിൽ മത്സരമുണ്ടായി. കുഴൽമന്ദം ഏരിയ കമ്മിറ്റിയിലേക്കു നടന്ന മത്സരത്തിൽ കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി പരാജയപ്പെട്ടതാണ് ഏറെ ശ്രദ്ധേയം. ശാന്തകുമാരി ഉൾ‍പ്പെടെ ഔദ്യോഗിക പാനലിനെതിരെ മത്സരം വന്നപ്പോൾ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, കുഴൽമന്ദം ലോക്കൽ സെക്രട്ടറി സി.പൊൻമല എന്നിവരും പരാജയപ്പെട്ടു.

ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിലേക്ക് 21 പേരെ തിരഞ്ഞെടുക്കാൻ നിലവിലുള്ള കമ്മിറ്റിയുടെ പാനലിനു ബദലായി മത്സരിച്ച 13 പേരും ജയിച്ചു. കെടിഡിസി ചെയർമാൻ പി.കെ.ശശിയെ പിന്തുണയ്ക്കുന്നവരാണു ജയിച്ചവരിൽ ഏറിയ പങ്കും. ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയെത്തുടർന്നു പാർട്ടി സ്വീകരിച്ച അച്ചടക്കനടപടിക്കു സമ്മേളനങ്ങളിലൂടെ ശശി മറുപടി നൽകുകയാണെന്ന പ്രതീതിയാണു ശക്തം. തൃത്താല ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടു പേർക്കും തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പിലൂടെ ടി.പി.മുഹമ്മദ് സെക്രട്ടറിയായി.

കോഴിക്കോട് ജില്ലയിൽ 10 ഏരിയ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ രണ്ടിടത്തു മത്സരമുണ്ടായി. പേരാമ്പ്ര ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് എന്നിവർ പരാജയപ്പെട്ടു.

കക്കോടി ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ഏക അംഗം പരാജയപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗവും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലുള്ള ബലപരീക്ഷണത്തിനു കോഴിക്കോട് ടൗൺ, നോർത്ത്, വെസ്റ്റ് ഏരിയ സമ്മേളനങ്ങൾ വേദിയായെങ്കിലും മത്സരത്തിലേക്ക് എത്തിയില്ല. 

അച്ചടക്ക നടപടിയിലും ഒതുങ്ങാതെ പൊന്നാനി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി എടുത്തിട്ടും പൊന്നാനിയിൽ കാര്യങ്ങൾ ഇപ്പോഴും ഭദ്രമല്ലെന്നു സമ്മേളനം തെളിയിച്ചു. ഔദ്യോഗിക പാനലിനെതിരെ ഇ.കെ.ഇമ്പിച്ചിബാവയുടെ മകൻ ഇ.കെ.ഖലീൽ അടക്കം 4 പേർ മത്സരിക്കുകയും ഒരാൾ ജയിക്കുകയും ചെയ്തു. 

English Summary: Rift in cpm area conferences

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA