ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ അസാധുവായ വോട്ട് ഒരു സിപിഎം മന്ത്രിയുടേതെന്നു സൂചന. അബദ്ധം പറ്റിയെന്ന സംശയം മന്ത്രിമാരിൽ ഒരാൾ പോളിങ് ഏജന്റിനോടും വരണാധികാരിയോടും പങ്കുവച്ചിരുന്നു. ആ വോട്ട് സീൽ ചെയ്ത കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. 

അസാധു വോട്ടിന്റെ പേരിൽ വോട്ടെണ്ണൽ വേളയിൽ കടുത്ത വാദപ്രതിവാദവുമുണ്ടായി. ബാലറ്റിൽ വോട്ടു ചെയ്യുന്നവരുടെ നേർക്ക് ‘1’ എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഒരു വോട്ടിൽ ‘1’ വ്യക്തമല്ലായിരുന്നു. ആദ്യം ടിക് ഇട്ട ശേഷം അത് ‘1’ ആയി മാറ്റിയ രീതിയിലായിരുന്നു ബാലറ്റ്.

ഇതോടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായ മാത്യു കുഴൽനാടനും എൻ.ഷംസുദ്ദീനും തർക്കം ഉന്നയിച്ചു. ജോസ് കെ.മാണിക്കു വോട്ടു ചെയ്യാനുള്ള അംഗത്തിന്റെ ഉദ്ദേശ്യം ബാലറ്റിൽ വ്യക്തമാണെന്നും വോട്ട് സാധുവാണെന്നും ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രനും ആർ.രാജഗോപാലനും വാദിച്ചു.  കേരള കോൺഗ്രസ് (എം) പോളിങ് ഏജന്റുമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നു ശഠിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും വ്യവസ്ഥകളും മാത്യു കുഴൽനാടൻ ഹാജരാക്കി. ഏതെങ്കിലും ഒരാളുടെ വോട്ട് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്നു വന്നാൽ അത് സാധുവല്ലെന്ന വ്യവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വരണാധികാരി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ നിയമ പ്രശ്നങ്ങൾക്ക് അതു കാരണമാകാമെന്നു വന്നതോടെ ആ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.

English Summary: Rajya Sabha byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com