ADVERTISEMENT

ആലപ്പുഴ ∙ ആർട് ഗാലറികളും ചിത്രകലാ സ്റ്റുഡിയോകളും ഇല്ലെങ്കിലും വലിയ ക്യാൻവാസിൽ വരച്ച ചിത്രമാണിപ്പോൾ ആലപ്പുഴ. ‘ലോകമേ തറവാട്’ കലാപ്രദർശനം ആലപ്പുഴയെ അങ്ങനെ മാറ്റിവരയ്ക്കുന്നു. ഈ മാസം 31 വരെ പ്രദർശനം നീട്ടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ബിനാലെ 7 വേദികളിലായി ഒരു മാസം കൂടി നിറങ്ങളും രൂപങ്ങളും കാത്തുവയ്ക്കും. ടിക്കറ്റെടുക്കാതെ കാണാം. എന്നും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണു പ്രദർശനം.

ആസൂത്രിതമായി നിർമിച്ച പുരാതന പട്ടണത്തിൽ വലിയ ഗാലറികളായി മാറാൻ കഴിയുന്ന പണ്ടകശാലകളുണ്ടെന്ന് പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി തിരിച്ചറിഞ്ഞതോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആലപ്പുഴയിൽ പ്രദർശനത്തിന്റെ രൂപരേഖ വരച്ചത്. സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകൾ കൈകോർത്തു. മഹാമാരിക്കാലത്ത് കലാകാരന്മാർ അനുഭവിക്കുന്ന പ്രയാസങ്ങളും ഏകാന്തതയും മറികടക്കാനുള്ള വഴിയായാണ് ‘ലോകമേ തറവാടിനെ’ കാണുന്നതെന്ന് പ്രദർശനത്തിന്റെ ക്യുറേറ്റർ ബോസ് കൃഷ്ണമാചാരി.

വള്ളത്തോൾ കവിതയിൽനിന്നെടുത്ത ‘ലോകമേ തറവാട്’ എന്ന പേര് മതനിരപേക്ഷമായ ഐക്യത്തിന്റെ മുദ്രാവാക്യം കൂടിയാണ്. മലയാളികളായ കലാകാരന്മാരെ ലക്ഷ്യമിട്ടാണു പ്രദർശനമെങ്കിലും മറ്റുള്ളവർക്കും ഇവിടെ ഇടമുണ്ട്. ആകെ 267 പ്രതിഭകൾ, അതിൽ എൺപതിലേറെ മലയാളികൾ, 56 വനിതകൾ, 16 വിദേശികൾ – കലയുടെ തറവാട്ടിൽ എല്ലാ നാടുകളിൽനിന്നുമുള്ളവർ വീട്ടുകാരാകുന്നു.

മൊബൈൽ ആപ്പിൽ വരച്ചവ, ഫൈബർ ഗ്ലാസിലെ സൃഷ്ടികൾ തുടങ്ങി വൈവിധ്യങ്ങളുടെ നിറച്ചാർത്താണ് ‘ലോകമേ തറവാട്’. ഫൊട്ടോഗ്രഫുകൾക്കും കാർട്ടൂണുകൾക്കും ഇവിടെ ചുമരുകളുണ്ട്. സൃഷ്ടികൾക്കു നല്ല വിൽപനയുമുണ്ട്. 28 ലക്ഷം രൂപയ്ക്കു വരെ വിറ്റുപോയവയുണ്ട്. ദിവസം ശരാശരി 5000 ആസ്വാദകർ എത്തുന്നുണ്ടെന്നു സംഘാടകർ; ശനിയും ഞായറും അതിലേറെപ്പേർ. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ വന്നുപോകുന്നു. കലാകാരന്മാരുടെ ആവശ്യപ്രകാരമാണ് പ്രദർശനം നീട്ടാൻ സർക്കാർ അനുവദിച്ചത്.

വേദികൾ

∙ കെഎസ്‌സിസി ഗോഡൗൺ – ബി

∙ കെഎസ്‌സിസി ഗോഡൗൺ – ഡി

∙ ന്യൂ മോഡൽ കയർ സൊസൈറ്റി

∙ കോർട്ട്‌യാഡ് ബിൽഡിങ്

∙ വില്യം ഗുഡേക്കർ

∙ ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി

∙ പോർട്ട് മ്യൂസിയം

English Summary: Lokame Tharavadu alappuzha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com