ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരോക്ഷമായി തള്ളി കേന്ദ്ര സർക്കാർ. ഡാമുകളുടെ കാലപ്പഴക്കത്തെ അതിന്റെ സുരക്ഷയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് ഡാം സുരക്ഷാ ബിൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജലമന്ത്രി ഗജേന്ദ്ര ശെഖാവത്ത് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എംപിമാർ നടത്തിയ ചൂടേറിയ ചർച്ചയ്ക്കൊടുവിൽ മറുപടി പറയവേയാണ് മുല്ലപ്പെരിയാറിന്റെ പേര് പറയാതെ ശെഖാവത്ത് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ആയിരത്തിലധികം വർഷം പഴക്കമുള്ള ഡാമുകൾ വരെ ലോകത്ത് സുരക്ഷിതമായി നിലനിൽക്കുന്നുണ്ട്. കാലപ്പഴക്കമുള്ളതിനാൽ നമ്മുടെ ഡാമുകൾ സുരക്ഷിതമല്ലെന്നു പറയുന്നത് ശരിയല്ല. 150 വർഷത്തോളം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ സംശയിക്കേണ്ടതില്ല. പഴക്കമേറിയ ഡാമുകൾ നിർമിച്ചവർക്ക് എൻജിനീയറിങ്ങിൽ ബിരുദമുണ്ടായിരിക്കില്ല. അനുഭവസമ്പത്തിന്റെ ബലത്തിലാണ് അവർ ഡാമുകൾ നിർമിച്ചത്. പഴമക്കാരുടെ അനുഭവസമ്പത്തിനെ ചോദ്യം ചെയ്യരുത്– ശെഖാവത്ത് ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് ദുരന്തങ്ങളെക്കാൾ വലിയ അപകടം കേരളത്തിലുണ്ടാവുമെന്ന് അൽഫോൻസ് കണ്ണന്താനം (ബിജെപി) പറഞ്ഞു. പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.  

ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും കേന്ദ്രം ഇടപെടണമെന്നുമുള്ള കണ്ണന്താനത്തിന്റെ പരാമർശത്തെ ജോൺ ബ്രിട്ടാസ് (സിപിഎം) ചോദ്യം ചെയ്തു.

ഭീഷണിയെക്കുറിച്ച് യുഎൻ റിപ്പോർട്ടിൽ പരാമർശമുണ്ട്: മന്ത്രി

ന്യൂഡൽഹി∙മുല്ലപ്പെരിയാറിന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ച് യുഎൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ജലശക്തി സഹമന്ത്രി ബിശ്വേശ്വർ ടുടു ഹൈബി ഈഡന്റെയും ആന്റോ ആന്റണിയുടെയും ചോദ്യത്തിനു മറുപടി നൽകി.

ബിൽ പാസായി; 2 മാസത്തിനകം ഡാം അതോറിറ്റി നിലവിൽ വരും

ന്യൂഡൽഹി∙ഡാം സുരക്ഷാ ബിൽ ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി. 2019 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയ ബില്ലാണിത്. ഡാം സുരക്ഷയ്ക്കായി ദേശീയ, സംസ്ഥാന കമ്മിറ്റികളും ദേശീയ അതോറിറ്റിയും രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. മുല്ലപ്പെരിയാർ ഉൾപ്പെടെ ഒരു സംസ്ഥാനത്ത് (കേരളം) സ്ഥിതി ചെയ്യുന്നതും മറ്റൊരു സംസ്ഥാനത്തിന്റെ (തമിഴ്നാട്) അധികാരപരിധിയിലുള്ളതുമായ ഡാമുകളുടെ സുരക്ഷാ മേൽനോട്ടം, അറ്റകുറ്റപ്പണികളുടെ ചുമതല എന്നിവ ദേശീയ അതോറിറ്റിക്കായിരിക്കും. ബിൽ നിയമമായി 60 ദിവസത്തിനകം ദേശീയ, സംസ്ഥാന കമ്മിറ്റികളും ദേശീയ അതോറിറ്റിയും രൂപീകരിക്കും.

മലങ്കര ഡാമിന് പരിധിയിലധികം ചോർച്ച: ഡാം സേഫ്റ്റി കമ്മിഷൻ ചെയർമാൻ

മുട്ടം(തൊടുപുഴ)  ∙ പരിധിയിലധികം ചോർച്ച മലങ്കര ഡാമിനുള്ളതായി ഡാം സേഫ്റ്റി കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള ഡാമാണിത്. അനുവദനീയമായതിലുമധികം  ചോർച്ച ഡാമിന്റെ ഗാലറിയിൽ കാണാൻ കഴിഞ്ഞെന്നും എന്നാൽ മുൻകാലഘട്ടത്തെ അപേക്ഷിച്ച് ചോർച്ച കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 48 വർഷത്തിലധികം പഴക്കമുള്ള ഡാമിന് അപാകതകൾ ഉണ്ടോ എന്ന് അറിയുന്നതിനാണ് സന്ദർശനം നടത്തിയത്. 

English Summary: Central government inderectly denies building new dam at mullaperiyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com