സിപിഎമ്മിന്റെ ‘പെരിയ’ നോവ്; വിഐപി അഭിഭാഷകർ, 88 ലക്ഷം ഖജനാവിൽനിന്ന്

Sarathlal, Kripesh
ശരത് ലാൽ, കൃപേഷ്
SHARE

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് സിപിഎമ്മിനു മുന്നിൽ ഒരുപിടി ധാർമിക ചോദ്യങ്ങൾ ഉയർത്തിയ പെരിയ ഇരട്ടക്കൊലപാതകം നടന്നത്. അതു സിപിഎമ്മിനെ എത്രമാത്രം വേട്ടയാടിയെന്നു നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിരീക്ഷണം വ്യക്തമാക്കും.

സിപിഎം ചൂണ്ടിക്കാട്ടി: ‘തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സംഘർഷങ്ങൾ ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കണമെന്നു പാർട്ടി നിർദേശിച്ചു. പ്രകോപനങ്ങൾക്കു വിധേയരാകാതെ നമ്മുടെ സഖാക്കൾ സംയമനം പാലിച്ചതിനാൽ പാർട്ടിക്കെതിരെ തെറ്റായ പ്രചാരണം നടത്താൻ രാഷ്ട്രീയ എതിരാളികൾക്കും പാർട്ടി വിരുദ്ധർക്കും കഴിഞ്ഞില്ല.’

ഇങ്ങനെയെല്ലാം സിപിഎം ആശ്വസിക്കുന്നതിനിടെയാണ്, പെരിയയിൽ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിയരിഞ്ഞ നിഷ്ഠുരസംഭവത്തിൽ പാർട്ടിയുടെ മുൻ എംഎൽഎയും കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കു‍ഞ്ഞിരാമനെ സിബിഐ പ്രതിചേർത്തത്. സിബിഐ പ്രതി ചേർത്തവരെല്ലാം തന്നെ സിപിഎമ്മുകാരാണ്.

കൊലപാതകക്കേസിൽ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാവിനെ അറസ്റ്റ് ചെയ്യുന്നത് ഭരണകക്ഷിക്കു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിസ്സാരമല്ല. വലിയ വിപ്ലവ പാരമ്പര്യം പേറുന്ന മണ്ണാണ് പെരിയയുടേത്. അവിടെയാണ് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ പ്രതികളെ മുൻ എംഎൽഎ സഹായിച്ചെന്നു സിബിഐ കണ്ടെത്തിയത്. ഭരണത്തിന്റെയും പാർട്ടി സ്വാധീനത്തിന്റെയും തണൽ അതിനു പ്രയോജനപ്പെടുത്തിയോ എന്ന ചോദ്യം ഒപ്പം വരും.

സിപിഎമ്മിനെ ഉഴുതുമറിക്കുക തന്നെ ചെയ്ത ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നെങ്കിലും ആ തലത്തിലേക്ക് കേസന്വേഷണം വളർന്നില്ല. ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന കെ.കെ.രമയുടെ ആവശ്യത്തിന്മേൽ നിയമയുദ്ധം നടക്കുന്നതിനിടയിലാണ് പെരിയയിലെ ഈ പൂട്ട്.

2018 ൽ നടന്ന സിപിഎമ്മിന്റെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരം ഉയർന്നിരുന്നു. ഷുഹൈബ് വധം സമ്മേളനത്തെ പിടിച്ചു കുലുക്കി. രാഷ്ട്രീയ സംഘർഷങ്ങളിൽനിന്നും കൊലപാതകങ്ങളിൽനിന്നും പിൻവാങ്ങണമെന്നു സമ്മേളനവും പിന്നീടു സംസ്ഥാന കമ്മിറ്റിയും നിർദേശിച്ചു. ഭരണകക്ഷിക്കാരുടെ തന്നെ കൈകളിൽ വിലങ്ങു വീഴുന്ന സ്ഥിതി ഒഴിവാക്കിയേ തീരൂവെന്ന പാർട്ടിയുടെ നിർദേശമാണ് പെരിയയിൽ ലംഘിക്കപ്പെട്ടത്. 

താഴെത്തട്ടിലെ പ്രവർത്തകർ മാത്രമല്ല പ്രതിക്കൂട്ടിലെന്നും സിബിഐ അന്വേഷണത്തോടെ വ്യക്തമായി. നിയമസഭാ തിരഞ്ഞെടുപ്പി‍ൽ ഉദുമയിൽ ജയിച്ചതു ചൂണ്ടിക്കാട്ടി ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി ന്യായീകരണം നിരത്തിയെങ്കിലും വർഷങ്ങളായി കൈവശം വച്ചിരുന്ന കാസർകോട് ലോക്സഭാ സീറ്റ് അടിയറവയ്ക്കേണ്ടി വന്നതിനു പിന്നിൽ പെരിയയും പ്രതിഫലിച്ചിരുന്നു.

സിബിഐയുടെ രാഷ്ട്രീയ ലാക്ക് എന്ന പതിവ് ആരോപണവുമായി ജില്ലാ നേതൃത്വം രംഗത്തെത്തിയെങ്കിലും സംസ്ഥാന നേതൃത്വം ഇന്നലെ മൗനം അവലംബിച്ചു. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചന ആദ്യം നൽകിയെങ്കിലും പിന്നീടു വേണ്ടെന്നുവച്ചു.

സിപിഎം, സർക്കാർ ഇടപെടൽ: വിഐപി അഭിഭാഷകർ മുതൽ കുടുംബ സംരക്ഷണം വരെ

∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതികളുടെ ഭാര്യമാർക്ക് ജോലി ഉൾപ്പെടെ സഹായങ്ങൾ നൽകി. ജയിലിൽ കഴിയുന്ന ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എ.പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ്, മൂന്നാം പ്രതി കെ.എം.സുരേഷ് എന്നിവരുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ പാർട്‍ടൈം സ്വീപ്പർമാരായാണു നിയമനം നൽകിയത്. ആരോപണം ഉയർന്നതോടെ ഇവരെ മാറ്റി. ഇതിൽ ഒരാൾക്ക് പിന്നീട് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയിൽ നിയമനം നൽകി. മറ്റൊരു പ്രതിയുടെ ഭാര്യയ്ക്കു പെരിയ സിഎച്ച്സിയിൽ ആരംഭിച്ച ഡയാലിസിസ് കേന്ദ്രത്തിൽ നിയമനം നൽകി. 

∙ ഇരട്ടക്കൊലപാതകം നടന്നതിന്റെ പിറ്റേന്നു പാർട്ടി പറഞ്ഞിട്ടാണ് പീതാംബരൻ കൊലപാതകം നടത്തിയതെന്നു പീതാംബരന്റെ ഭാര്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. എന്നാൽ, പിന്നീട് സഹായവാഗ്ദാനം നൽകിയാണു നേതൃത്വം കുടുംബത്തെ സമാധാനിപ്പിച്ചത്. പ്രതികളുടെ കുടുംബങ്ങളുടെ സംരക്ഷണം പാർട്ടി ഏറ്റെടുത്തു. 

∙ കൊലയുമായി ബന്ധമില്ലെന്നു സിപിഎം ആവർത്തിക്കുന്നതിനിടെ കേസ് നടത്തിപ്പിനായി പാർട്ടി പണം പിരിവു നടക്കുന്നു. 

∙ സിബിഐ അന്വേഷണം തടയിടാൻ ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനു സർക്കാർ സംവിധാനത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവരാൻ 88 ലക്ഷം രൂപയോളം ഖജനാവിൽനിന്നു ഫീസായി നൽകിയിട്ടുണ്ട്. ഇതിനു പുറമേ സുപ്രീംകോടതിയിൽ കേസ് നടത്താൻ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ ചെലവായിട്ടുണ്ട്. രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നീ അഭിഭാഷകരെയാണ് കേസ് നടത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്നത്.

English Summary: CPM, kerala government involvement in periya murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS