പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ 5 പേർ കൂടി പ്രതിപ്പട്ടികയിൽ

HIGHLIGHTS
  • സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കുഞ്ഞിരാമൻ 20–ാം പ്രതി; ആകെ പ്രതികൾ 24 ആയി
kripesh-sarathlal-kv-kunhiraman-1
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും, കെ.വി.കുഞ്ഞിരാമന്‍
SHARE

കൊച്ചി/കാസർകോട് ∙ പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ (59) അടക്കം 5 സിപിഎം പ്രവർത്തകരെക്കൂടി സിബിഐ പ്രതി ചേർത്തു. കുഞ്ഞിരാമനും സിപിഎം ഉദുമ ഏരിയ കമ്മിറ്റി അംഗങ്ങളായ രാഘവൻ വെളുത്തോളി (51), കെ.വി.ഭാസ്കരൻ (55), പാർട്ടി അനുഭാവികളായ ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരുമാണു പുതിയ പ്രതികൾ. ഇവരെ അറസ്റ്റു ചെയ്തിട്ടില്ല. കഴിഞ്ഞദിവസം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാന ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളും പ്രവർത്തകരുമായ 14 പേരായിരുന്നു പ്രതികൾ. ഇവർക്കു പുറമേയാണ് 10 പ്രതികളുടെ അനുബന്ധ പട്ടിക സിബിഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി.

കേസിൽ ആദ്യം ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ ബലമായി മോചിപ്പിച്ചു കൊണ്ടുപോയതിനാണ് കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തത്. ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. കേസിൽ സിപിഎം നേതൃത്വത്തെ രക്ഷപ്പെടുത്താൻ ശ്രമം നടന്നതായി ആരോപണമുയർന്നതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു.

കൂടുതൽ സിപിഎം പ്രവർത്തകർ അറസ്റ്റിലാകുമെന്ന സൂചനയാണു കോടതിയിൽ സിബിഐ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. അന്വേഷണത്തിനായി സിബിഐക്ക് ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ തീരും. സമയം നീട്ടിക്കിട്ടാൻ സിബിഐ കോടതിയെ സമീപിച്ചേക്കും. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കൃപേഷിനെയും ശരത് ലാലിനെയും വധിച്ചത്. 

പ്രതിയെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചു

കെ.വി. കുഞ്ഞിരാമനെതിരായ കുറ്റങ്ങൾ: കൊലപാതകത്തിനു ശേഷം പ്രതികളെ സഹായിക്കാൻ നേരിട്ടു രംഗത്തെത്തി. കൊലപാതകത്തിന്റെ പിറ്റേന്നു രാത്രി ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ കസ്റ്റഡിയിൽനിന്നു ബലമായി മോചിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുക്കേണ്ടെന്നും പ്രതിയാണെങ്കിൽ പിറ്റേദിവസം രാവിലെ സ്റ്റേഷനിൽ ഹാജരാക്കുമെന്നും വെല്ലുവിളിച്ചു. പ്രതിയെ പിറ്റേന്ന് മേലുദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാക്കി.

English Summary: Periya Murder: CBI added KV Kunhiraman to accused list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA