ADVERTISEMENT

കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഓരോ പ്രതികൾക്കും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു. ആദ്യ സംഘം കൊല നടത്തും. ഇരകളെ നിരീക്ഷിക്കാനും പിന്തുടർന്നു വിവരങ്ങൾ കൊലയാളി സംഘത്തിനു കൈമാറാനുമുള്ള ചുമതലയായിരുന്നു രണ്ടാമത്തെ സംഘത്തിന്. ആയുധങ്ങൾ കൈമാറാനും കൊലയ്ക്കു ശേഷം പ്രതികൾക്കു കടന്നുകളയാനുള്ള വാഹനം തയാറാക്കാനും മൂന്നാമത്തെ സംഘം.

രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ നാലാമതൊരു സംഘം. പിടിക്കപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു പൊലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും അഞ്ചാമത്തെ സംഘം. ആദ്യം അറസ്റ്റിലായ 14 പ്രതികളിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള മുഴുവൻ നീക്കവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ നടത്തിയിരുന്നു. ഇതു മറികടന്നാണു പുതിയതായി 10 പ്രതികളുടെ പട്ടിക സിബിഐ കോടതിയിൽ സമർപ്പിച്ചത്. 

സിബിഐ പുതിയതായി പ്രതിയാക്കിയവർ

∙ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ: രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവർക്കൊപ്പം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചു. 

∙ ഗോപകുമാർ (ഗോപൻ വെളുത്തോളി): കൊലയാളി സംഘത്തിനു സഞ്ചരിക്കാനുള്ള വാഹനവും മറ്റുസഹായവും എത്തിച്ചു. കൊലയ്ക്കു ശേഷം മാറി ധരിക്കാനുള്ള വസ്ത്രങ്ങളും ഒളിസങ്കേതവും ഒരുക്കി. 13–ാം പ്രതി ബാലകൃഷ്ണൻ കൊലപാതക ദിവസവും തലേന്നും തങ്ങിയതു ഗോപകുമാറിന്റെ വീട്ടിലാണ്. 9–ാം പ്രതി മുരളിയുടെ കാറിൽ 24–ാം പ്രതി സന്ദീപിനൊപ്പം കൊലയാളികളെ സിപിഎം പാർട്ടി ഓഫിസിലെത്തിച്ചു. 12–ാം പ്രതി ആലക്കോട് മണിയാണു (മണികണ്ഠൻ) കാറോടിച്ചത്. 

∙ പി.വി.സന്ദീപ് (സന്ദീപ് വെളുത്തോളി): പ്രതികളെ പാർട്ടി ഓഫിസിൽ എത്തിക്കാൻ പോയി. 23–ാം പ്രതി ഗോപകുമാറിനൊപ്പം പ്രതികളുടെ സുരക്ഷ ഉറപ്പാക്കാൻ ബൈക്കിൽ പിന്തുടർന്നു. കൊലപാതകത്തിനു ശേഷം പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു. യുഎഇയിലേക്കു കടക്കാനായി 8–ാം പ്രതി സുബീഷിനെ ബെംഗളൂരുവിൽ എത്തിച്ചു.‌ 

പ്രതികൾക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധം; ജാമ്യം അനുവദിക്കരുത്: സിബിഐ

കൊച്ചി ∙ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുപ്പമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അവർ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുമെന്നു സിബിഐ, അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. 

ഗൂഢാലോചനയിൽ പങ്കെടുത്തവർ മുതൽ കൊലയ്ക്കു ശേഷം പ്രതികളെ കടത്തിക്കൊണ്ടു പോകാനും രക്തംപുരണ്ട ഇവരുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമിച്ച പ്രതികളെയാണ് സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തത്. 

ഒന്നുമറിയാത്ത പാവങ്ങൾ: സിപിഎം

കാസർകോട് ∙ ഒന്നുമറിയാത്ത പാവങ്ങളെയാണു സിബിഐ പ്രതികളാക്കിയതെന്നു സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ. ‘‘അറസ്റ്റിലായ എല്ലാവരും സിപിഎം പ്രവർത്തകരല്ല. കോൺഗ്രസ് പറഞ്ഞവരെയെല്ലാം പ്രതികളാക്കുകയാണു ചെയ്തിരിക്കുന്നത്. പാർട്ടി സഖാക്കളും നേതാക്കന്മാരും പ്രതികളായാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. നിയമപരമായി നേരിടും. കൊലപാതകം പാർട്ടി അറിഞ്ഞതല്ല’’ – ബാലകൃഷ്ണൻ പറഞ്ഞു. 

English Summary: Periya twin murder planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com