ചേർപ്പ് (തൃശൂർ) ∙ എല്ലാവരും സിനിമ കാണാൻ തിയറ്ററിൽ പോകുമ്പോൾ ശ്രീജിത്ത് മാത്രം സിനിമ ‘കേൾക്കാൻ’ പോകും. ജന്മനാ കാഴ്ചയില്ലാത്തതിനാൽ സിനിമ കാണാൻ കഴിയില്ല എന്നതാണു കാരണം. എന്നാലും എല്ലാ സിനിമകളും തിയറ്ററിൽ പോയിത്തന്നെ കേൾക്കണമെന്നു നിർബന്ധം.
ചേർപ്പ് ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണു ടി.എസ്.ശ്രീജിത്ത് (31). ഗുരുവായൂർ ബ്രഹ്മകുളത്തു ചുമട്ടുതൊഴിലാളിയായ തൂമാട്ട് ശ്രീധരന്റെയും കനകയുടെയും മകൻ. ചുമട്ടുതൊഴിൽ കഴിഞ്ഞുള്ള ഇടവേളകളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അച്ഛന്റെ അധ്വാനശീലം കണ്ടാണു വളർന്നത്. അതിനാൽ കാഴ്ചാ പരിമിതി കുറവായി തോന്നിയില്ല.
മൊബൈലിലും ലാപ്ടോപ്പിലും ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ദിവസവും 2 പത്രങ്ങൾ മുഴുവനായി വായിക്കും. ഒഴിവു സമയങ്ങളിൽ പുസ്തകങ്ങളും. ക്ലാസ് എടുക്കേണ്ട വിഷയവും ഇതേരീതിയിൽ ഹൃദിസ്ഥമാക്കും. 2 ബസ് മാറിക്കയറിയാണു സ്കൂളിലെത്തേണ്ടതെങ്കിലും ഊന്നുവടി ഉപയോഗിക്കാറില്ല. റോഡ് മുറിച്ചുകടക്കേണ്ട സമയത്തു മാത്രം സഹായം തേടും.
കോവിഡിനു മുൻപു വരെ സ്ഥിരമായി സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രകൾക്കു പോയിരുന്നു. മുൻകൂട്ടി വായിച്ചറിഞ്ഞ സ്ഥലത്തു നേരിട്ടെത്തുമ്പോൾ കാഴ്ചയുടെ അനുഭവം ആസ്വദിക്കാൻ കഴിയാറുണ്ടെന്നു ശ്രീജിത്ത് പറയുന്നു.