ADVERTISEMENT

പൊന്നൂക്കര (തൃശൂർ) ∙ തോക്കേന്തിയ സൈനികർ പ്രദീപിന്റെ ചിതയ്ക്കു മുന്നിൽ ബ്യൂഗിൾ മുഴക്കി യാത്രാമൊഴി ചൊല്ലുന്നതിനിടെ, ശ്രീലക്ഷ്മി മുന്നോട്ടുവന്നു സല്യൂട്ട് ചെയ്തു. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമനു സഹധർമ്മിണിയുടെ വിടവാങ്ങൽ സല്യൂട്ട്. ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ സംസ്കാര ചടങ്ങിലെ ഏറ്റവും ഉള്ളുലഞ്ഞ നിമിഷം. 

കോപ്റ്റർ അപകടത്തിന്റെ പിറ്റേന്നു സൂലൂരിൽനിന്നു പ്രദീപിന്റെ പൊന്നൂക്കരയിലെ വീട്ടിലെത്തിയതാണ് ശ്രീലക്ഷ്മി. ഇന്നലെ വൈകിട്ടു നാലരയോടെ മൃതദേഹം വീട്ടുമുറ്റത്തെത്തിയപ്പോൾ 7 വയസ്സുള്ള മകൻ ദശ്വിൻദേവിനെയും ചേർത്തുപിടിച്ച് അവർ ആദ്യമായി വീടിനു പുറത്തുവന്നു. പ്രദീപിന്റെ യൂണിഫോം എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയിൽനിന്നു സ്വീകരിക്കുമ്പോഴും പതറാതെനിന്നു. 

അമ്മയുടെ മടിയിലിരുന്ന മകൾ 2 വയസ്സുകാരി ദേവപ്രയാഗ അച്ഛന്റെ മൃതദേഹം കിടത്തിയിരിക്കുന്ന മേശപ്പുറത്തുനിന്ന് ഒന്നുമറിയാതെ പൂക്കളെടുക്കുകയും തിരിച്ചിടുകയും ചെയ്തുകൊണ്ടിരുന്നു. ഓക്സിജൻ സഹായത്തോടെ കിടക്കയിലായിരുന്ന അച്ഛൻ രാധാകൃഷ്ണൻ മകനെ അവസാനമായി കാണാൻ മാസ്ക് എടുത്തുമാറ്റി മുറ്റത്തേക്കു വന്നു. വീടിനു പിന്നിലൊരുക്കിയ ചിതയ്ക്കു മകൻ ദശ്വിനാണു തീ കൊളുത്തിയത്. 

ഇന്നലെ പകൽ 11നു ഡൽഹിയിൽനിന്നു സൂലൂരിലെത്തിച്ച മൃതദേഹം അവിടെനിന്നു റോഡ് മാർഗമാണ് പുത്തൂരിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അനുഗമിച്ചു. ടി.എൻ.പ്രതാപൻ എംപിയും സൂലൂരിലെത്തി. വാളയാറിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ അതിർത്തിയിൽനിന്നുള്ള വിലാപ യാത്രയിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണനും ആർ.ബിന്ദുവും അനുഗമിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് വീട്ടിലേക്കു കൊണ്ടുവന്നത്.

English Summary: Pradeep funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com