ADVERTISEMENT

മലപ്പുറം ∙ പാർട്ടി ഇച്ഛിച്ചതു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൽപിച്ചു നൽകിയതിന്റെ  ആവേശത്തിലും ആശ്വാസത്തിലുമാണു മുസ്‍ലിം ലീഗ് കേന്ദ്രങ്ങൾ. വഖഫ് വിഷയത്തിൽ സർക്കാരിനെതിരായ നീക്കത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്നു മുസ്‍ലിം ലീഗിനെ മാറ്റിനിർത്തുകയെന്ന അജൻഡ സിപിഎം  ആദ്യഘട്ടത്തിൽ വിജയകരമായി നടപ്പാക്കിയിരുന്നു. സമസ്തയുമായി നേരിട്ടു ചർച്ച നടത്തിയ പിണറായിയുടെ തന്ത്രം ലീഗിനെ തീർത്തും പ്രതിരോധത്തിലാക്കി. മറ്റു വഴികളില്ലാതെയാണു ശക്തിപ്രകടനമെന്ന നിലയിൽ കോഴിക്കോട്ട് ലീഗ് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്. രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നിട്ടും ലീഗിന്റെ സംഘടനാ അടിത്തറയ്ക്കു കോട്ടംതട്ടിയിട്ടില്ലെന്നതിന്റെ തെളിവായി, ചടങ്ങിനെത്തിയ വൻ ജനാവലി.

ചടങ്ങിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിനെ കടന്നാക്രമിച്ചതോടെ പാർട്ടിയുടെ അടുത്ത ആഗ്രഹവും സാധിച്ചു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്ര സ്ഥാനത്തു വീണ്ടും ലീഗെത്തി. ലീഗും മുഖ്യമന്ത്രിയും നേർക്കുനേർ എന്ന വിലയിരുത്തൽ ലീഗ് ആഗ്രഹിച്ചതു തന്നെയാണ്. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണു ലീഗിന്റെ തീരുമാനം. ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.മുനീറും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയത് അതിന്റെ സൂചനയാണ്. സമരവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10,000 പേർക്കെതിരെ കേസെടുത്തതു സർക്കാരിനെതിരായ അടുത്ത പ്രചാരണ ആയുധമാക്കിക്കഴിഞ്ഞു. യുഎഇയിലുള്ള ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച മടങ്ങിയെത്തും. അതിനു പിന്നാലെ അടുത്തഘട്ട നടപടികൾ ആലോചിക്കാൻ നേതൃയോഗം ചേരും. 

കോഴിക്കോട്ടെ റാലിയിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പരാമർശം അതിന്റെ ശോഭകെടുത്തിയെന്നു നേതാക്കൾ സമ്മതിക്കുന്നു. അതു റാലി നൽകുന്ന സന്ദേശത്തെ മറയ്ക്കുന്ന തരത്തിലേക്കു വളരരുതെന്നു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണു കല്ലായി ഖേദപ്രകടനം നടത്തിയതിനു പിന്നാലെ ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ റിയാസിനെ വിളിച്ചു ഖേദമറിയിച്ചത്. റാലിയിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ പാർട്ടി പത്രത്തിലൂടെ പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നിട്ടും അധിക്ഷേപകരമായ  മുദ്രവാക്യങ്ങുളയർന്നതു പാർട്ടി ഗൗരവത്തിലെടുത്തിട്ടുണ്ട്. 

ചാരിറ്റി സംഘടനയായി മാറുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നുമുള്ള വിമർശനം നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. വഖഫ് വിഷയത്തിലെ പാർട്ടി ഇടപെടൽ അത്തരം വിമർശനങ്ങളുടെ മുനയൊടിക്കുകയെന്ന ലക്ഷ്യം വച്ചുകൂടിയാണ്. വഖഫ് വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയാൽ പാർട്ടി നിലപാടിന്റെ വിജയമായി ലീഗിന് അത് ഉയർത്തിക്കാട്ടാം. സർക്കാർ ഉറച്ചുനിന്നാൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ ലീഗുമായി സഹകരിച്ചു പ്രതിഷേധത്തിനു തയാറാകേണ്ടിവരും. 

വഖഫ് സംരക്ഷണ സമ്മേളനം: 10000 പേർക്കെതിരെ കേസ്

കോഴിക്കോട്∙ മുസ്‌ലിം ലീഗ്  സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ 10,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണു വെള്ളയിൽ പൊലീസ് സ്വമേധയാ കേസെടുത്തത്.

9ന് കോഴിക്കോട് കടപ്പുറത്ത് നടത്തിയ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,  ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ എംഎൽഎ, സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ  എം.അബ്ദുറഹ്മാൻ, കെ.പി.എ.മജീദ് എംഎൽഎ,, കെ.എം.ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു. 

‘ലീഗിന്റെ സ്വഭാവം മനസ്സിലാകാത്തത് അറിവില്ലായ്മ കൊണ്ട്’

തിരൂർ ∙ മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയസ്വഭാവം എന്താണെന്ന് മനസ്സിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിയാതെ പോയത് അദ്ദേഹത്തിന്റെ അറിവില്ലായ്മ മൂലമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ. ന്യൂനപക്ഷം ഏറ്റവും വിശ്വാസമർപ്പിക്കുന്ന സംഘടന മുസ്‌ലിം ലീഗ് തന്നെയാണെന്നാണ് കോഴിക്കോട് സമ്മേളനം തെളിയിച്ചത്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ബഹുജന അടിത്തറയുള്ള പാർട്ടിയാണ് ലീഗ്. എങ്കിലും സമുദായത്തിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ട്. അത് ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. 

റിയാസിനെതിരെ പരാമർശം: കേസെടുത്തു 

കോഴിക്കോട്∙ മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കൽ, കലാപത്തിനുള്ള ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കേസെടുത്തത്.

English Summary: Waqf: Pinarayi Vijayan directly fight with Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com