ADVERTISEMENT

പാലക്കാട് ∙ അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) വയനാട്, അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളുടെ വേദനയാകുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നു രോഗികൾക്ക് അവഗണന. രോഗികളെ കണ്ടെത്താനുള്ള സ്ക്രീനിങ്, കൃത്യമായ പെൻഷൻ വിതരണം, ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യം എന്നിവ മുടങ്ങിയിരിക്കുകയാണ്. അട്ടപ്പാടിയിൽ ഹൈ റിസ്ക് വിഭാഗത്തിലെ ഗർഭിണികളിൽ 16 പേർ അരിവാൾ രോഗികളാണ്.

ജനിതക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ മരുന്നിലൂടെ ചികിത്സിച്ചു മാറ്റുക അസാധ്യമാണ്. ശരീരം നുറുങ്ങുന്ന വേദനയ്ക്കൊപ്പം മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ഇവർക്കു കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ പെൻഷനാണ് ഏക ആശ്വാസം. രോഗികളായ ആദിവാസികൾക്കു പട്ടികവർഗ വികസന വകുപ്പ് 2500 രൂപയും മറ്റു വിഭാഗങ്ങൾക്കു സാമൂഹിക സുരക്ഷാ മിഷൻ 2000 രൂപയും നൽകുന്നുണ്ട്. സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പെൻഷൻ 10 മാസമായി മുടങ്ങിയിരിക്കുകയാണ്. ആദിവാസി വിഭാഗക്കാർക്കുള്ള പെൻഷനും ചില മാസങ്ങളിൽ വൈകുന്നു.

പട്ടികവർഗ വികസന വകുപ്പിന്റെ കണക്കുപ്രകാരം 770 അരിവാൾ രോഗികളാണു സംസ്ഥാനത്തൊട്ടാകെയുള്ളത്. കൂടുതൽ രോഗികൾ വയനാട്ടിലും (558) അട്ടപ്പാടിയിലുമാണ് (151). 196 പേർക്കാണു സാമൂഹിക സുരക്ഷാ മിഷൻ പെൻഷൻ നൽകുന്നത്. എന്നാൽ, ഇതിലും എത്രയോ കൂടുതലാണു രോഗികളുടെ എണ്ണമെന്ന് ആദിവാസി സംഘടനകൾ പറയുന്നു.

രമേശ് ചെന്നിത്തല ഇന്ന് അട്ടപ്പാടിയിൽ

പാലക്കാട് ∙ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഇന്ന് അട്ടപ്പാടിയിലെത്തും. ശിശുമരണം നടന്ന വരകംപാടി, തെക്കേചാവടി ഊരുകൾ അദ്ദേഹം സന്ദർശിക്കും. ഊരു മൂപ്പൻമാരുമായും ചർച്ച നടത്തും.

English Summary: Sickle Cell Anemia in Palakkad Attappady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com