ADVERTISEMENT

പത്തനംതിട്ട ∙ ബംഗ്ലദേശ് വിമോചന യുദ്ധവിജയത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുമ്പോൾ ഇലന്തൂർ ചിറപ്പുറത്ത് വി.ആർ. ശിവൻകുട്ടിയുടെ പുനർജന്മത്തിനും അതേ പ്രായം. യുദ്ധം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവൻകുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല. ഒടുവിൽ കൊല്ലം കലക്ടറേറ്റിലേക്ക് (അന്ന് പത്തനംതിട്ട ജില്ല രൂപീകരിച്ചിട്ടില്ല) ആ സങ്കട സന്ദേശമെത്തി: ‘യുദ്ധത്തിൽ ശിവൻകുട്ടി (21) വീരചരമം പ്രാപിച്ചു’. കലക്ടറും ഉദ്യോഗസ്ഥരും വീട്ടിലെത്തി വിവരമറിയിച്ചു. അവസാനമായി മകന്റെ മുഖം പോലും കാണാനാവാത്ത സങ്കടവുമായി അമ്മ ഭവാനിയമ്മയും അച്ഛൻ രാഘവൻ നായരും കരഞ്ഞുതളർന്നു; മകന്റെ മരണാനന്തര ചടങ്ങുകൾ നടത്തി.

ബാക്കി കഥ ഇപ്പോൾ 71 വയസ്സുകാരനായ ശിവൻകുട്ടി പറയും: ‘ഇല്ല, അന്ന് യുദ്ധത്തിൽ ഞാൻ മരിച്ചില്ല. 1971 ഡിസംബർ മൂന്നിന് യുദ്ധം ആരംഭിക്കുമ്പോൾ രാജസ്ഥാൻ അതിർത്തിയിലായിരുന്നു. പാക്കിസ്ഥാനിലെ ഉമർകോട്ട് നഗരം പിടിച്ചടക്കാനുള്ള ശ്രമത്തിനിടെ ശത്രുസൈന്യം ഞങ്ങളെ വളഞ്ഞു. അവരെ മറികടന്ന് ഒരേസമയം പല ഭാഗത്തു കൂടി നീങ്ങി നഗരം പിടിക്കാനായിരുന്നു ശ്രമം. പെട്ടെന്നായിരുന്നു ബോംബാക്രമണം. ഒപ്പമുണ്ടായിരുന്ന 3 പേർ കൺമുന്നിൽ ചിന്നിച്ചിതറി. എന്റെ പുറത്ത് ഇടതുഭാഗത്തായി ഷെൽ തുളച്ചുകയറി. രക്തത്തിൽ കുളിച്ച്, ഒരുനിമിഷം കണ്ണിൽ ഇരുട്ടുകയറിയപോലെ. അപ്പോഴേക്ക് പാക്ക് സൈന്യം വളഞ്ഞു, ബാക്കിയായവരെയെല്ലാം പിടികൂടി. കൈ പിന്നിലാക്കി കെട്ടി. കണ്ണും മൂടിക്കെട്ടി. പിന്നെ തോക്കിന്റെ പാത്തി കൊണ്ടുള്ള ഇടിയും ബൂട്ട് കൊണ്ടുള്ള ചവിട്ടും. അവിടെനിന്നു ട്രക്കിലേക്കു വലിച്ചെറിഞ്ഞ് ഏതോ സ്ഥലത്തെത്തിച്ചു. കുടിക്കാൻ‌ വെള്ളം പോലും തരാതെ മുറിയിലിട്ടു പൂട്ടി. ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കും എന്ന സ്ഥിതി. 5 ദിവസം അവിടെ കിടന്നു. പിന്നെ ജയിലിൽ’. 

പാക്ക് ജയിലിലെ ഇന്ത്യക്കാരെ 3 മാസത്തിനു ശേഷം യുദ്ധത്തടവുകാരായി പ്രഖ്യാപിച്ചു. ഇന്ത്യ–പാക്ക് നയതന്ത്ര ധാരണപ്രകാരം 1972 ഡിസംബർ 18ന് ജയിൽ മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തി. ജന്മനാടായ പ്രക്കാനത്ത് വലിയ സ്വീകരണമാണ് നൽകിയത്. ഏതാനും ദിവസം വീട്ടുകാർക്കൊപ്പം താമസിച്ച ശേഷം സൈനികസേവനത്തിലേക്കു മടങ്ങി. 17 വർഷത്തെ സേവനത്തിനു ശേഷം നായിക് റാങ്കിൽ വിരമിച്ചു. ബന്ധുകൂടിയായ ശാരദാമണിയെ 1977ൽ വിവാഹം കഴിച്ചു. മക്കൾ: രാജേഷ്, രാഗേഷ്, രതീഷ്.

English Summary: Bangladesh War hero soldier Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com