ADVERTISEMENT

തിരുവനന്തപുരം ∙ പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ചിറയിൻകീഴ് അഴൂർ  വിളയിൽ വീട്ടിൽ ഒട്ടകം രാജേഷ് (35) അറസ്റ്റിലായി. 10 ദിവസത്തെ പൊലീസിന്റെ കഠിനശ്രമത്തെത്തുടർന്നു പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ പഴനിയിൽനിന്നു തിരുവനന്തപുരത്തെത്തി കീഴടങ്ങാനുള്ള യാത്രയ്ക്കിടെ കൊല്ലം ബസ് സ്റ്റാൻഡിലാണ് പിടിയിലായത്.

ഒട്ടകം രാജേഷ്
ഒട്ടകം രാജേഷ്

രാജേഷിനെ പിടിക്കാനുള്ള തിരച്ചിലിനിടെയാണു ശനിയാഴ്ച അഞ്ചുതെങ്ങ് കായലിൽ വള്ളം മറിഞ്ഞ് എസ്എപി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ എസ്.ബാലു മരിച്ചത്. രാജേഷിനെ ഇന്നലെ കൊല നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തി ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നു കണ്ടെടുത്തു.

സുധീഷ് വധക്കേസിലെ മുഖ്യസൂത്രധാരനായ രാജേഷിനെ പിടിക്കാത്തതു പൊലീസിനു വലിയ നാണക്കേടായിരുന്നു. കൊലയ്ക്കു ശേഷം സ്വന്തം മൊബൈൽ ഫോൺ രാജേഷ് ഉപയോഗിക്കാതിരുന്നതോടെ പൊലീസ് വട്ടംകറങ്ങി. പൊലീസ് നീക്കങ്ങൾ രാജേഷ് കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിനാൽ ഒളിസങ്കേതങ്ങൾ മാറി. 2 ദിവസം മുൻപു കോയമ്പത്തൂരും അതിനു ശേഷം പഴനിയിലും രാജേഷ് എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. ആ സമയം ഇയാൾ കേരളത്തിലുണ്ടെന്ന മറ്റൊരു വിവരവും ലഭിച്ചു. 2 ദിശയിലും അന്വേഷണം തുടരുകയായിരുന്നു.

കഴിഞ്ഞ 12നാണു പോത്തൻകോട് കല്ലൂർ പാണംവിള കോളനിയിലെ സുധീഷിനെ കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം സുധീഷിന്റെ വെട്ടിയെടുത്ത കാൽ അര കിലോമീറ്റർ അകലെയുള്ള റോഡിൽ പ്രതികൾ വലിച്ചെറിഞ്ഞു. രാജേഷ് അറസ്റ്റിലായതോടെ കേസിലെ 11 പ്രതികളും പിടിയിലായി. 10 പ്രതികൾ റിമാൻഡിലാണ്. ഒട്ടകം രാജേഷ് 2004 മുതൽ കൊലപാതകം അടക്കം ഏറെ കേസുകളിൽ പ്രതിയാണ്.

English Summary: Pothencode Sudheesh murder case: Ottakam Rajesh arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com