ADVERTISEMENT

കുമളി/ തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ ബേബി ഡാമിന് അടിഭാഗത്ത് ചോർച്ച കൂടിയതിനെത്തുടർന്ന് തമിഴ്നാട് സംഘം അണക്കെട്ടിൽ സന്ദർശനം നടത്തി. തേനി കലക്ടറുടെ പ്രതിനിധി, ജില്ലാ ഇറിഗേഷൻ വകുപ്പ് തലവൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ബേബി ഡാം സന്ദർശിച്ച് ചോർച്ച വിലയിരുത്തിയത്. സന്ദർശനത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ ദിവസം അണക്കെട്ടിൽ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് ചോർച്ചയുടെ കാര്യം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തത്. മുല്ലപ്പെരിയാർ സംഭരണിയിൽ ജലനിരപ്പ് ദിവസങ്ങളായി 142 അടിയിൽ തുടരുന്നതാണ് ബേബി ഡാമിൽ ചോർച്ച കൂടാൻ കാരണം.

മഴ മാറിയതോടെയാണ് വെള്ളമൊഴുക്കിന്റെ വ്യാപ്തി വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത്. വെള്ളമൊഴുകുന്നതിന്റെ താഴ്ഭാഗമെല്ലാം ചതുപ്പായതിനാൽ അവിടേക്ക് ഇറങ്ങി പരിശോധിക്കാൻ തമിഴ്നാട് സംഘത്തിന് സാധിച്ചില്ല. ഡാമിലെ സീപ്പേജ് ജലത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെക്കാൾ കൂടി എന്നാണ് പ്രാഥമിക വിവരം. മഴ ദുർബലമായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അനുദിനം കുറയുന്നുണ്ടെന്നും തൽക്കാലം ബേബി ഡാമിന് ഭീഷണിയില്ലെന്നുമാണ് തമിഴ്നാടിന്റെ വിലയിരുത്തൽ.

മി‍നിറ്റിൽ 165 ലീറ്റർ വെള്ളമാണ് 45 അടി ഉയരത്തിലുള്ള ഗാലറി‍യിലൂടെ ചോരുന്ന‍ത്. ജലനിരപ്പ് 136 അടിയി‍ലെത്തിയപ്പോൾ ചോർച്ച മി‍നിറ്റിൽ 137–138 ലീറ്റർ മാത്രമായിരുന്നു. 142 അടിയി‍ൽ എത്തിയ കഴിഞ്ഞ മാസം 30 മുതൽ, പ്രതിദിനം 2,37,600 ലീറ്റർ വെള്ളമാണ് ഗാലറിയിൽ നിന്നു ചോരുന്നത്. ഇതു വരെ 52.27 ലക്ഷം ലീറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്നു ചോർന്നത്.

ഗാലറി‍ക്കുള്ളിൽ ഡാമിന്റെ അടിത്തട്ടിൽ നിന്നു 10 അടി ഉയരത്തി‍ലുള്ള ഭാഗത്തെയും 45 അടി ഉയരത്തി‍ലുമുള്ള ഭാഗത്തെയും കണക്കാണ് സീ‍പേജ് ഡേറ്റ തയാറാക്കാനായി രേഖപ്പെടുത്തുക. ഡാമിൽ ജലനിരപ്പുയരുമ്പോൾ ചോർച്ചയുടെ തീവ്രത കൂടും. 10 അടി ഉയരത്തിലുള്ള ഭാഗത്തെ കണക്കുകൾ പ്രകാരം മിനി‍റ്റിൽ 107.025 ലീറ്റർ വെള്ളം ചോരുന്നു. 136 അടിയി‍ലെത്തുമ്പോൾ 134–138 ലീറ്റർ വരെ‍യാകുമെന്നും നേരത്തേ രേഖപ്പെടുത്തിയിരുന്നു.

140.9 അടിയാണ് ഇന്നലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. 600 ഘനയടി വെള്ളമാണ് തമിഴ്നാട് വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നത്. മുൻവർഷങ്ങളെക്കാൾ നാലിലൊന്ന് വെള്ളം മാത്രമാണ് നിലവിൽ തമിഴ്നാട് കൊണ്ടുപോകുന്നത്. 2399.36 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

English Summary: Tamilnadu team visits Mullaperiyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com