ADVERTISEMENT

പോരാളിയായിരുന്നു പി.ടി.തോമസ്. നേതാക്കളും അണികളുമെന്നു വർഗവിഭജനം നടത്താവുന്ന കോൺഗ്രസിൽ പി.ടി നല്ല നേതാവും നല്ല അണിയുമായി. അണികൾക്കുള്ളത്ര താൽപര്യം പി.ടി. തോമസിനോടു വലിയ നേതാക്കൾക്കുണ്ടായിരുന്നോ എന്നു സംശയം. അവർക്കും അവഗണിക്കാനാകുമായിരുന്നില്ല പിടിയെ.

ഉപ്പുതോടിലെ പുതിയാപറമ്പ് വീട്ടിൽ നിന്ന് 16 കിലോമീറ്റോളം നടന്നു പാറത്തോട് പോയാണു പഠിച്ചത്. പിന്നീടു നടന്നതും കഠിനവഴികളിലൂടെയാണ്. ഉപജാപത്തിന്റെയും സ്തുതിപാടലിന്റെയും പഴക്കവും വഴക്കവും പി.ടിക്ക് പരിചയമില്ലായിരുന്നു. ബോധ്യങ്ങൾക്കായി കലഹിക്കുകയും അതിന് ആളെക്കൂട്ടുകയും ചെയ്തുകൊണ്ടേയിരുന്നു അദ്ദേഹം. ഏതു നാട്ടിൻപുറത്തും പത്താളെ പേരുവിളിക്കാൻ പരിചയമുണ്ടായിരുന്നു. ചോര കൊടുക്കും നീരുകൊടുക്കുമെന്ന് അക്ഷരാർഥത്തിൽ വിളിക്കുന്ന അനുയായികളുണ്ടായിരുന്നു. 

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിദ്യാഭ്യാസ നയത്തിനെതിരെ കെഎസ്‌യു നിലപാടെടുത്തു. പത്രങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അതേ പരിഗണന കെഎസ്‌യു പ്രസിഡന്റ് പി.ടി.തോമസിന്റെ പ്രസ്താവനയ്ക്കും കിട്ടി. പത്രക്കാരെ വിളിച്ചപേക്ഷിച്ചിട്ടല്ല അത്. ആ നിലയുംവിലയും പിന്നീടിങ്ങോട്ട് ഒരു കെഎസ്‌യു പ്രസിഡന്റിനും കിട്ടിക്കാണില്ല. നിലപാടു കൊണ്ടാണ് പി.ടി.തോമസ് ജനഹൃദയങ്ങളിലും മാധ്യമങ്ങളിലും ജീവിച്ചത്. 

വയലാർ രവി ആന്റണിപക്ഷം വിട്ടപ്പോൾ പി.ടി.തോമസും ബെന്നി ബഹനാനും എന്തുനിലപാട് എടുക്കുമെന്നായിരുന്നു ആകാംക്ഷ. അത്രമേൽ വ്യക്തിബന്ധം അവർക്ക് വയലാർ രവിയുമായുണ്ടായിരുന്നു. പാർട്ടിയിൽ പ്രത്യേകിച്ച് സ്ഥാനമോ സ്വന്തമായി വരുമാനമോ ഇല്ലാതെ സ്നേഹിച്ചു പങ്കാളിയാക്കിയ ഉമയ്ക്കും കുഞ്ഞിനുമൊപ്പം കഴിയുകയായിരുന്നു പി.ടി അക്കാലത്ത്. ഉമയുടെ ചെറിയ ജോലികൊണ്ടായിരുന്നു ജീവിതം. മർദനങ്ങളുടെ മുദ്ര പേറിയ ശരീരത്തിന് വഴക്കം കിട്ടാൻ, തൃപ്പൂണിത്തുറയിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതുകൊണ്ടൊന്നും രാഷ്ട്രീയത്തിലെ പതിവു മെയ്‌വഴക്കം കിട്ടിയതുമില്ല. 

അന്ന് ആശുപത്രിക്കിടക്കയിൽ പി.ടി.തോമസിനെ കാണാനെത്തി എ.കെ.ആന്റണി. അദ്ദേഹമെത്തിയപ്പോൾ മുറിയിലുള്ളവരൊഴിഞ്ഞു. ആ മുറിയിൽ നിന്നു പുറത്തുവന്നപ്പോൾ ആന്റണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആന്റണി മടങ്ങിയശേഷം മുറിയിൽ തിരിച്ചുകയറിയവരോട് പി.ടി.തോമസ് പറഞ്ഞു– നമ്മുടെ ഹൃദയം വയലാർജിക്ക് ഒപ്പമാണെങ്കിലും നിലപാട് കെ.കരുണാകരന് എതിരാണ്. ആ നയം വ്യക്തമാക്കലോടു കൂടി താൻ പടുത്തുയർത്തിയ പക്ഷത്തുനിന്നു വയലാർ രവിയുടെ മടക്കം ഏതാണ്ട് ഒറ്റയ്ക്കെന്ന പോലെയായി. ഇതേ വയലാർ രവിയെ പിന്നീട് രൂക്ഷമായും പരസ്യമായും വിമർശിച്ചു പി.ടി. പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് വയലാർ രവി പറഞ്ഞു– ‘ഹീ ഈസ് മൈ ബോയ്’.

എ.കെ.ആന്റണിക്ക് പ്രിയപ്പെട്ടവനായിരുന്നു പി.ടി എക്കാലവും. ഉമ്മൻ ചാണ്ടിയുടെയും വിശ്വസ്തനായിരുന്നു ഏറെക്കാലം. സുധീരൻ ഇടപെട്ടാണ് രണ്ടാമൂഴത്തിൽ തൃക്കാക്കരയിൽ മത്സരിപ്പിച്ചത്. പക്ഷേ, ഒരു കാലത്തും ആരുടെയും അടിമയായില്ല പി.ടി. നിലപാടുകൊണ്ട് ശത്രുക്കളെ ഏറെയുണ്ടാക്കി. പി.ടിയുടെ വിർശനങ്ങളെല്ലാം പരസ്യമായിരുന്നു. പറയേണ്ടത് പറയേണ്ടവരോടും പൊതുസമൂഹത്തോടും തുറന്നടിച്ചു പറഞ്ഞു. എത്രയടുപ്പമുള്ളവരോടും സ്വകാര്യമെന്നമട്ടിലൊരു ദുഷിപ്പ് പറയുമായിരുന്നില്ല, ആരെക്കുറിച്ചും. 

കൊച്ചിയിൽ സർവകലാശാലാ യൂണിയൻ ഉദ്ഘാടനത്തിന് കെഎസ്‌യുക്കാർ ഗ്രൂപ്പ് തിരിഞ്ഞ് അടിച്ചു. വിശദീകരിക്കാനെത്തിയ എ ഗ്രൂപ്പ് കെഎസ്‌യുക്കാരോട് പതിവു ശാന്തതവിട്ട് ആന്റണി ക്ഷുഭിതനായി: ‘ഇവിടെക്കിടന്ന് ഗ്രൂപ്പു കളിക്കരുത്. ഞാൻ ഗ്രൂപ്പിന്റെയല്ല, കെപിസിസിയുടെ പ്രസിഡന്റാണ്. ഇടുക്കിയിൽ നിന്നുള്ളവർ അവിടെപ്പോയി രാഷ്ട്രീയ പ്രവർത്തനം നടത്തണം.’

77 ൽ പിളർന്ന കെഎസ്‌യു ഒന്നായപ്പോൾ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി.തോമസ് ഇടുക്കിയിലേക്കു മടങ്ങിയത് വെറുമൊരു ജില്ലാ പഞ്ചായത്ത് വാർഡിൽ മത്സരിക്കാനാണ്. കെഎസ്‌യുക്കാർ നാടെങ്ങും പിരിവെടുത്തു പണം നൽകി.  അന്നു വിജയിച്ച പി.ടി പിന്നീട് ഇടുക്കി പിടിച്ചെടുത്തു. പി.ജെ.ജോസഫിന്റെ തൊടുപുഴയിൽ അദ്ദേഹത്തിന്റെ വിശ്വസ്തൻ പി.സി.ജോസഫിനെ തോൽപ്പിച്ചു. പിന്നീട് പി.ജെ.ജോസഫിനോടു തോൽക്കുകയും അതിനടുത്ത തവണ അദ്ദേഹത്തെ തോൽപ്പിക്കുകയും ചെയ്തു. 

ഇരട്ടപെറ്റവരെപ്പോലെ ഒന്നിച്ചുനടന്ന പി.ടി.തോമസും ബെന്നി ബഹനാനും അകലുകയും ബെന്നി ബഹനാനു സീറ്റ് നിഷേധിക്കപ്പെട്ട തൃക്കാക്കരയിൽ പി.ടി. മത്സരിക്കാനെത്തുകയും ചെയ്തു. ആ മണ്ഡലവും വെട്ടിപ്പിടിക്കുക തന്നെയായിരുന്നു. രണ്ടാം ഇടതുതരംഗത്തിൽ എതിരാളികൾ അടവെല്ലാം പയറ്റിയിട്ടും പി.ടി.തോമസ് കാറ്റേൽക്കാത്ത മരമായി നിന്നു. 

പത്താം ക്ലാസു കഴിഞ്ഞ് മണ്ണും കല്ലും ചുവന്നും കെട്ടിടനിർമാണ പണിയെടുത്തും ജീവിച്ചൊരു പി.ടി.തോമസുണ്ട്. ആ പണം കൊണ്ടാണു തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നത്. ആ പ്രീഡിഗ്രിക്കാരൻ അവിടെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. രണ്ടായിനിന്ന കെഎസ്‌യുവിലൊന്നിന്റെ സംസ്ഥാന പ്രസിഡന്റായി. എം. മുരളി കെഎസ്‌യു പ്രസിഡന്റായി തുടരാൻ മുതിർന്ന നേതാക്കൾ ആഗ്രഹിച്ചു. അവരിൽ ചിലർ അന്ന് സെക്രട്ടറിയായിരുന്ന കെ.ടി.ജോസഫിന്റെ പേരുയർത്തിക്കൊണ്ടുവന്നു. പി.ടിയും കെ.ടിയും തമ്മിലടിക്കുമ്പോൾ മുരളി തുടരാൻ സമന്വയമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കളത്തിലിറങ്ങിയ പി.ടിയും കെ.ടിയും പറഞ്ഞു– അതു വേണ്ട, ഞങ്ങൾ മത്സരിച്ചുകൊള്ളാം. മത്സരിച്ചു, പി.ടി ജയിച്ചു. ഏതു കോട്ടയിലും കടന്നു കയറി യുദ്ധം ചെയ്യാനാകുന്ന പടനായകനായിരുന്നു അദ്ദേഹം. 

മഹാരാജാസിലെ ജീവിതം പോരാട്ടത്തിന്റെയും പ്രണയത്തിന്റേതുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം എസ്എഫ്ഐ ജ്വലിച്ചുയർന്നകാലത്ത് നിന്നമണ്ണു ചോരാതിരിക്കാൻ പൊരുതേണ്ടിയിരുന്നു. പി.ടിയുടെ കാലത്തിനു ശേഷം മഹാരാജാസിൽ കെഎസ്‌യു ഓരത്തൊതുങ്ങിയൊതുങ്ങിപ്പോയി. പിന്നീടേറെ കാലത്തേക്ക് മഹാരാജാസിലെ ഒടുവിലത്തെ കെഎസ്‌യു വൈസ് ചെയർമാൻ എന്ന വിശേഷണം പി.ടിയുടെ പ്രണയിനിയും പിന്നീട് ജീവിതപങ്കാളിയുമായ ഉമയുടെ പേരിൽ കുറിക്കപ്പെട്ടിരുന്നു. വ്യത്യസ്തമതക്കാരായിരുന്നു പി.ടിയും ഉമയും. പി.ടിയുടെ മതനിരപേക്ഷ പ്രണയവും ജീവിതവും തിരഞ്ഞെടുപ്പുകളിൽ ചിലർ ചർച്ചയാക്കി. നാലു വോട്ടിനുവേണ്ടി പി.ടി.തോമസ് അതൊന്നും മറച്ചുവയ്ക്കുകയോ മാറ്റിപ്പറയുകയോ ചെയ്തില്ല. ഉമ എല്ലാ തിരഞ്ഞെടുപ്പിലും പി.ടിക്കുവേണ്ടി വോട്ടു തേടിയിറങ്ങി. മകന് അവർ വിഷ്ണു തോമസ് എന്നു പേരിട്ടു. 

പിന്നീടൊരു കലോത്സവകാലത്ത് അതേ മഹാരാജാസിലെ കുട്ടികൾ ചെയർമാൻ സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ സർവകലാശാലാ കലോത്സവ സമാപനവേദിയിൽ മുദ്രാവാക്യം മുഴക്കി. വിധിനിർണയത്തിൽ ക്രമക്കേട് ആരോപിച്ചായിരുന്നു ബഹളം. സംഘാടക സമിതി കൺവീനറായിരുന്ന പി.ടി.തോമസ് മൈക്കെടുത്തു. മുൻപ് എസ്എഫ്ഐയുടെ യൂണിയൻ കലോത്സവം നടത്തിയപ്പോൾ നർത്തകിയായ മാലാ ഗണപതി വേദിയിൽ പൊട്ടിത്തെറിച്ചത് ഓർമിപ്പിച്ചു. ബഹളമടങ്ങി.

ആ കലോത്സവകാലത്ത് സംഘാടകസമിതി വൈസ് ചെയർമാനായിരുന്ന വി.ഡി.സതീശനും പി.ടി.തോമസും കൊച്ചിയിലെ റസ്റ്റ് ഹൗസിലെ മുറിയിൽ ഒരുമിച്ചു കഴിഞ്ഞു. ഗ്രൂപ്പിനും പാർട്ടിക്കുമപ്പുറം വ്യക്തിബന്ധങ്ങളുണ്ടായിരുന്നു പി.ടിക്ക്. തിരുവഞ്ചൂരിന്റെയും കെ.സി.ജോസഫിന്റെയുമൊക്കെ പോസ്റ്ററുകൾ അവരുടെ മണ്ഡലത്തിലല്ല, കൊച്ചിയിൽ പി.ടിയുടെ ആസ്ഥാനമായിരുന്ന യൂത്ത് കോൺഗ്രസ് ഹൗസിൽ അദ്ദേഹത്തിന്റെ മുറിയുടെ ചുവരിലാണ് ആദ്യം പതിഞ്ഞിരുന്നത്. 

അക്ഷരങ്ങളെയും പുസ്തകങ്ങളെയും ബഹുമാനിച്ചിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. സാംസ്കാരിക സംഘടനയുണ്ടാക്കി. നെഹ്റുവിന്റെ കോൺഗ്രസിലും ശ്രീനാരായണഗുരുവിന്റെ മാനവികതയിലും വിശ്വസിച്ചു. ഉടുപ്പ് ഉടയാതെയുള്ള പ്രതിഛായ നിർമാണത്തിൽ വിശ്വസിച്ചില്ല. വിയർത്തും മുഷിഞ്ഞും കെട്ടിപ്പടുത്തതായിരുന്നു ആ രാഷ്ട്രീയജീവിതം. നിലപാടും പോരാട്ടവീര്യവുമായിരുന്നു അതിന്റെ ഭംഗി. അടക്കാൻ എളുപ്പമായിരുന്നില്ല പി.ടിയെ.  ഇനിയുമെന്തൊക്കെയോ ആകേണ്ടിയിരുന്നു പി.ടി എന്ന തോന്നൽ ബാക്കിയാണ്. വഴികൾ തുറന്നുവന്നപ്പോഴേക്കും ആ യാത്ര അവസാനിച്ചുപോയി. 

Content Highlight: PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com