ADVERTISEMENT

തിരുവനന്തപുരം ∙ ചീഫ് വിപ്പ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിൽ 17 പേരെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിലൂടെ സർക്കാരിനുണ്ടാകുന്നത് പ്രതിവർഷം 3 കോടി രൂപയുടെ അധികബാധ്യത. 17 പേരെ കൂടി നിയമിച്ചതോടെ ചീഫ് വി‍പ്പിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി. 

ഒരു പ്രൈവറ്റ് സെക്രട്ടറി, 2 അഡീഷനൽ സെക്രട്ടറിമാർ, 2 അസി. പ്രൈവറ്റ് സെക്രട്ടറിമാർ, 4 ഓഫിസ് അറ്റൻഡന്റുമാർ, 5 ക്ലാർക്കുമാർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അഡീഷനൽ പഴ്സനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നിവരെയാണു നിയമിച്ചത്. 23,000 രൂപ മുതൽ 1,60,000 രൂപ വരെയാണ് ശമ്പളം. ചീഫ് വിപ്പ് ചുമതലയേറ്റപ്പോൾ 8 പേരെ അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 17 പേർ കൂടി.  ചീഫ് വിപ്പിനും മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിൽ 25 പേരെയും മുഖ്യമന്ത്രിക്ക് 30 പേരെയും നിയമിക്കാം. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് വിപ്പാ‍യിരുന്ന പി.സി.ജോർജിന് 30 പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ അനുവദിച്ചതിനെ ഇടതുപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. നിയമനം ലഭിച്ച അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് മാസം 107800 മുതൽ 160000 വരെയാണ് ശമ്പള ഇനത്തിൽ ലഭിക്കുക. ഓഫിസ് അറ്റൻഡ‍ന്റിനു നൽകുന്ന 50200 രൂപയാണ് കുറഞ്ഞ ശമ്പളം. ഒന്നാം പിണറായി സർക്കാരിൽ സിപിഐയുടെ കെ. രാജൻ പത്തു ജീവനക്കാരെ മാത്രമാണ് പഴ്സനൽ സ്റ്റാഫായി നിയമിച്ചത്.

നിയമനത്തിൽ തെറ്റില്ലെന്നു സിപിഎം 

ചീഫ് വിപ്പിന് 25 പഴ്സനൽ സ്റ്റാഫിനെ നിശ്ചയിച്ചതു നിയമാനുസൃതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിപദവിയുള്ള ആൾക്ക് അത്രയും സ്റ്റാഫ് ആകാം. പത്തോ ഇരുപതോ പേരെ അങ്ങനെ നിയമിച്ചതുകൊണ്ടൊന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. അത്ര വലിയ സാമ്പത്തിക പ്രതിസന്ധി കേരളത്തിൽ ഇല്ല. ചീഫ് വിപ്പിനു നേരത്തേ സ്റ്റാഫിനെ കുറച്ചത് ആ സമയത്തേക്കുള്ള ക്രമീകരണമായിരുന്നു.

English Summary: 17 more people in chief whip's personal staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com