ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുടെ രൂപരേഖയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിലാകെ അതിർത്തിക്കല്ലുകൾ നാട്ടുന്നതു ജനാധിപത്യവിരുദ്ധമാണെന്നും സർക്കാർ അതിൽ നിന്നു പിന്മാറണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്. വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്നു വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന വിശദീകരണം പ്രതിഷേധാർഹമാണെന്നും പരിഷത് അറിയിച്ചു.

പദ്ധതിക്കു പരിഷത് എതിരല്ലെന്നും അവർ ഉന്നയിച്ച നിർദേശങ്ങൾ കണക്കിലെടുത്തിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടതിനു പിന്നാലെയാണ് ഈ പരസ്യ പ്രതികരണം. ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം, കേരള വികസനത്തിനുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല സിൽവർ ലൈൻ. സമ്പന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണു പദ്ധതിയിൽ മുൻഗണന.

കെ റെയിൽ സ്റ്റേഷനുകൾക്ക് അടുത്തായി ഉയർന്നു വരുന്ന പുതിയ ടൗൺഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള യാത്രാ സംവിധാനമായാണു സിൽവർ ലൈൻ പ്രധാനമായും വിഭാവനം ചെയ്യുന്നത്. ഇവിടങ്ങളിൽ വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് കച്ചവടം വഴി മാത്രം 10,000 കോടിയിലേറെ രൂപ വരുമാനം കണക്കാക്കുന്നു. സിൽവർ ലൈൻ വഴി നേട്ടമുണ്ടാകുന്നതു സമ്പത്തുള്ള ന്യൂനപക്ഷത്തിനാണെങ്കിലും പരിസ്ഥിതി, സാമൂഹിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരാണെന്നും പരിഷത് പ്രസിഡന്റ് ഒ.എം.ശങ്കരൻ, ജനറൽ സെക്രട്ടറി പി.ഗോപകുമാർ എന്നിവർ പറഞ്ഞു.

∙ മുഖ്യമന്ത്രിക്കു നിവേദനം

സിൽവർ ലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു പരിസ്ഥിതി, സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ കവി സുഗതകുമാരിയുടെ ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകി. പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക തലങ്ങളിൽ പദ്ധതി ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളും പ്രത്യാഘാതങ്ങളും സർക്കാർ കണക്കിലെടുക്കണം. സുഗതകുമാരി ജീവിച്ചിരുന്നെങ്കിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ചുക്കാൻ പിടിക്കുമായിരുന്നുവെന്നും ബി.ആർ.പി.ഭാസ്കറിന്റെ നേതൃത്വത്തിൽ സാംസ്കാരിക പ്രവർത്തകരും സംഘടനാ ഭാരവാഹികളും ഒപ്പിട്ട നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണാം:

English Summary: Parishath against K Rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com