ADVERTISEMENT

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതു കാരണം ജീവനൊടുക്കിയ വിപിന്റെ ഓർമകളുടെ കണ്ണീർത്തിളക്കത്തിൽ വിദ്യയുടെ വിവാഹം

തൃശൂർ ∙ കുണ്ടുവാറയിലെ വീട്ടിൽനിന്നു വിവാഹ വേഷത്തിൽ രാവിലെ ഇറങ്ങുമ്പോൾ വിദ്യയുടെ കണ്ണിൽ ഒരു തുള്ളി കണ്ണീർ തിളങ്ങി,. ആങ്ങള വിപിനെക്കുറിച്ചുള്ള ഓർമകളായിരുന്നു അത്. അമ്മ ബേബിയുടെ കണ്ണിലുമുണ്ടായിരുന്നു അതേ കണ്ണുനീർത്തുള്ളി!

ജീവനൊടുക്കുന്ന ദിവസം വിരിയാത്തൊരു ചെറുപുഞ്ചിരി കാണാലോകത്ത് വിപിന്റെ ചുണ്ടിൽ വിരിഞ്ഞിരിക്കണം. വിവാഹത്തിനു പെണ്ണിനു പൊന്നും പണവും കൊടുത്തുവിടണമെന്ന നാട്ടുനടപ്പിന്റെ ഇരയായി ജീവനൊടുക്കേണ്ടി വന്ന കുണ്ടുവാറ പച്ചാലപ്പൂട്ട് വീട്ടിൽ വിപിന്റെ (25) ആത്മാവിന് ആശ്വസിക്കാം, അവന്റെ ആഗ്രഹം പോലെ സഹോദരി വിദ്യയും നിധിനും ഒന്നായി, ഇനി ഇവർ വിപിന്റെ ‘വിദ്യാനിധി’.

ഇന്നലെ രാവിലെ 8.30നും 9.30നുമിടയിൽ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ഒരു മാസത്തിനിടെ അവർ കടന്നുപോയത് വലിയ സങ്കടങ്ങളിലൂടെയാണ്. 12നാണു വിദ്യയുടെയും നിധിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. 6നു വിവാഹ സ്വർണവും വസ്ത്രങ്ങളുമെടുക്കാൻ നഗരത്തിലെത്തി കാത്തു നിന്നിട്ടും ബാങ്ക് വായ്പ തരമായില്ല. സങ്കടം താങ്ങാനാവാതെ വീട്ടിലെത്തി വിപിൻ ജീവനൊടുക്കി. 2 വർഷത്തെ ഇഷ്ടത്തിനൊടുവിൽ വിദ്യയെ വിവാഹം കഴിക്കാനിരുന്ന നിധിനെയും ആ വിയോഗം നൊമ്പരത്തിലാക്കി. ഈ സംഭവത്തിനുശേഷം പലരും സ്വർണവും പണവുമായി ഈ കുടുംബത്തെ തേടിയെത്തി. നഷ്ടമായതിനു പകരമായിരുന്നില്ല ഒന്നും.

നിധിനു വിദേശത്തേക്കു ജോലിക്കു മടങ്ങേണ്ടതിനാൽ അധികം വൈകാതെ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇന്നലെ വിവാഹശേഷം നിധിന്റെ കൈപിടിച്ച് അവന്റെ കൈപ്പറമ്പിലെ വീടിന്റെ പടി കയറുമ്പോൾ വിദ്യയുടെ കണ്ണിൽ ആ കണ്ണീർത്തിളക്കം മാഞ്ഞിരുന്നു.

English Summary: Denial of bank loan: Marriage of Vipin's sister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com