മുല്ലപ്പെരിയാർ: മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽനിന്ന് തമിഴ്നാട് പിൻവലിയുന്നു

HIGHLIGHTS
  • തീയതി സംബന്ധിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന് ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ല
Pinarayi-Vijayan-and-MK-Stalin
പിണറായി വിജയൻ, എം.കെ.സ്റ്റാലിൻ
SHARE

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ വിഷയത്തിൽ കേരള – തമിഴ്നാട് മുഖ്യമന്ത്രിമാർ നടത്തുമെ‍ന്നു അറിയിച്ച കൂടിക്കാഴ്ചയിൽ നിന്നു രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ തമിഴ്നാട് പിൻവലിയുന്നു.  ചർച്ച നടത്തുമെന്നു ആദ്യം അറിയിപ്പു നൽകിയ തമിഴ്നാട് 2 മാസമായിട്ടും പ്രതികരിച്ചിട്ടില്ല.  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഒക്ടോബറിൽ അറിയിച്ചത്.

ഡിസംബർ പകുതിയോടെ ചർച്ച നടക്കുമെ‍ന്നായിരുന്നു സൂചന.  എന്നാൽ, തീയതി സംബന്ധിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന്  ഇനിയും  സംസ്ഥാന ജലവിഭവ വകുപ്പിന് അറിയിപ്പു ലഭിച്ചിട്ടില്ല.  ചർച്ചയ്ക്കായി തമിഴ്നാടുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ നിന്നുള്ള മറുപടി. ബേബി ഡാം മരംമുറി ഉത്തരവിറക്കുന്നതി‍നു മുൻപുള്ള സാഹചര്യം മാറിയതിനെത്തുടർന്നാണ് പിന്മാറ്റം.

മരംമുറി ഉത്തരവ് പുറപ്പെടുവിച്ച ശേഷം റദ്ദാക്കിയ  നിലപാടിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളവുമായി ഇനി അനുരഞ്ജനത്തിന് തമിഴ്നാട് തയാറാകുമോ‍യെ‍ന്ന സംശയവും ഉയരുന്നു. 

mullaperiyar-baby-dam
ഫയൽചിത്രം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ അർ‍ധരാത്രിക്കു ശേഷം തമിഴ്നാട് തുറന്നതും  പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയതും കേരളം കോടതിയെ അറിയിച്ചതും തമിഴ്നാടിനെ പ്രകോപിപ്പി‍ച്ചു.   ചർച്ചയിൽ തമിഴ്നാടിന്റെ ആവശ്യം  അതേപടി അംഗീകരിച്ചാൽ കേരളത്തിലെ പ്രതിപക്ഷം മുതലെടുക്കുമെന്നും സംസ്ഥാന സർക്കാരിനെതിരെ തിരിയുമെന്നും സിപിഎമ്മിനും ഭരണ മേധാവികൾക്കും   നന്നായി അറിയാം.  ഇക്കാരണത്താൽ തമിഴ്നാടുമായുള്ള ചർച്ചയ്ക്ക് മുൻകൈ എടുക്കണോ കാത്തിരിക്കണോ എന്ന ആലോചനയിലാണ് കേരളത്തിലെ ഭരണപക്ഷം. 

മുല്ലപ്പെരിയാർ എന്ന ‘വോട്ടു ബാങ്ക്’

ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്ക വിഷത്തിനു പുറമേ തമിഴ്നാട്ടിലെയും കേരളത്തി‍ലെയും രാഷ്ട്രീയ വിഷയം കൂടിയാണ് മുല്ലപ്പെരിയാർ. ഈ വോട്ടുബാങ്കിൽ കണ്ണു‍വച്ചാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണ–പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയനീക്കങ്ങൾ.  മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു നീക്കി, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർ‍ത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ തമിഴ്നാടിന്റെ അനുവാദം നേടിയെടുക്കു‍ക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.  ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് രാഷ്ട്രീയ നിലനിൽപ്പി‍ന്റേതു കൂടിയാണ് മുല്ലപ്പെരിയാർ വിഷയം.

English Summary: Mullaperiyar Dam issue: Chief ministers meeting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA