ADVERTISEMENT

ഇന്നു കേരളത്തിലെയും ഇന്ത്യയിലെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആധാരശിലകളായി നിലകൊള്ളുന്ന ഒട്ടുമിക്ക ഘടകങ്ങളുടെയും പൈതൃകം ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന് അവകാശപ്പെട്ടതാണ്. ഉച്ചഭക്ഷണം, സ്കൂൾ ലൈബ്രറി, ബോർഡിങ് സമ്പ്രദായം, പെൺകുട്ടികൾക്കു പ്രത്യേക സ്കൂളുകൾ, യൂണിഫോം, അധ്യാപക പരിശീലനം, കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച്, ബ്ലാക്ക് ബോർഡ്, ചോക്ക്, അഡ്മിഷൻ റജിസ്റ്റർ, പരീക്ഷ, പ്രമോഷൻ, വെക്കേഷൻ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാലറി സമ്പ്രദായം, സർട്ടിഫിക്കറ്റ്സ്, വാല്യു എജ്യുക്കേഷൻ എന്നിവയുടെയെല്ലാം തുടക്കം 1846ൽ മാന്നാനത്തും പിന്നീട് ആർപ്പൂക്കരയിലും അദ്ദേഹം ആരംഭിച്ച സ്കൂളുകളിൽനിന്നായിരുന്നു.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൽ ഖാദർ മൗലവി എന്നീ കേരളത്തിന്റെ സാമൂഹിക നവോത്ഥാന നായകർക്കു മുൻപേതന്നെ 1846ൽ സാമൂഹിക വിപ്ലവത്തിന്റെ തീജ്വാലയും അദ്ദേഹം മാന്നാനം കുന്നിൽ തെളിയിച്ചു. അധഃകൃതർ എന്നു സമൂഹം വിളിച്ചിരുന്നവരും ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവരും അക്ഷരം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കേണ്ടവരുമായിരുന്ന അടിസ്ഥാനവർഗത്തിന് അദ്ദേഹം വിദ്യാഭ്യാസം നൽകി. അവരെ സംസ്കൃതം പഠിപ്പിച്ചു. മറ്റു കുട്ടികൾക്കൊപ്പം സ്കൂളിൽ പ്രവേശനം നൽകി. ബെഞ്ചിൽ ഇരുത്തി പഠിപ്പിച്ചു. അവരെ അക്ഷരവും സംസ്കൃതവും പഠിപ്പിക്കാൻ തൃശൂരിൽനിന്നും ഒരു വാരിയർ സമുദായാംഗത്തെ തന്നെ അധ്യാപകനായി നിയമിച്ചു.

കേരളത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ വ്യാപനത്തിനും സമ്പൂർണ സാക്ഷരതായജ്ഞത്തിനും അടിത്തറ പാകിയതും ചാവറ പിതാവായിരുന്നു. 1856ൽ ബിഷപ് ബർണാഡിൻ 'each parish should establish educational institution, or else they will be debarred from the communion' എന്ന സർക്കുലർ കേരളത്തിലെ പള്ളികൾക്കു നൽകിയതിന്റെ പിന്നിലും ചാവറ പിതാവിന്റെ സാമൂഹിക പ്രതിബദ്ധതയായിരുന്നു. പള്ളികൾക്കൊപ്പം പള്ളിക്കൂടം എന്ന ആശയം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ ആദ്യകാഹളമായിരുന്നു. സ്കൂളുകൾക്കു ‘പള്ളിക്കൂടം’ എന്ന പേരു ലഭിക്കുന്നതും ഇവിടെനിന്നാണ്. ‘പിടിയരി’ പിടിച്ചു പാവപ്പെട്ടവരും ദലിതരുമായ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ചാവറ പിതാവിന്റെ ദീർഘവീക്ഷണത്തിനു മുന്നിൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ വരെ അദ്‌ഭുതസ്തബ്ധനായി നിലകൊണ്ടു. പാവപ്പെട്ടവരായ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയെങ്കിൽ മാത്രമേ അവർ സ്കൂളിൽ വരികയുള്ളൂ എന്ന ചാവറയച്ചന്റെ തിരിച്ചറിവു പിന്നീടു നമ്മുടെ രാജ്യം നെഞ്ചിലേറ്റി.

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനായി ചാവറ പിതാവ് നൽകിയ സംഭാവനകളെക്കുറിച്ചു പഠിക്കാൻ എംജി സർവകലാശാലയിൽ 2017ൽ ചാവറ ചെയർ സ്ഥാപിക്കാൻ സാധിച്ചതു ജീവിതത്തിലെ വലിയ പുണ്യമായി ഞാൻ കരുതുന്നു.

Content Highlights: Kuriakose Elias Chavara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com